തിരുവനന്തപുരം: മൂല്യവർദ്ധിത കൃഷി മിഷൻ രൂപീകരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കൃഷിക്കാരുടെ വരുമാനം, കാർഷികോൽപ്പാദനക്ഷമത, ഉൽപ്പന്ന സംഭരണം, ഉൽപ്പന്നങ്ങളുടെ വില, മൂല്യവർദ്ധിത പ്രവർത്തനങ്ങളുടെ വരുമാനം, മറ്റു അനുബന്ധ വരുമാനങ്ങൾ എന്നിവയിൽ വർദ്ധനവ് വരുത്തുകയാണ് ലക്ഷ്യം.
മുഖ്യമന്ത്രി ചെയർപേഴ്‌സണും കൃഷി മന്ത്രി, വ്യവസായ മന്ത്രി എന്നിവർ വൈസ് ചെയർ പേഴ്‌സൺമാരും തദ്ദേശ സ്വയംഭരണം, സഹകരണം, ധനകാരംയ, ജലവിഭവം, മൃഗസംരക്ഷണം, മത്സ്യബന്ധനം, വൈദ്യുതി, ഭക്ഷ്യം എന്നീ വകുപ്പു മന്ത്രിമാർ അംഗങ്ങളായും ഗവേണിംഗ് ബോഡി രൂപീകരിക്കും. കാർഷിക വ്യവസായവും സാങ്കേതികവിദ്യയും, അറിവ് പങ്കിടലും ശേഷി വർദ്ധിപ്പിക്കലും, വിപണനം, ധനകാര്യം പോലുള്ള വിഷയങ്ങളിൽ മൂല്യ വർദ്ധിത കൃഷി മിഷന്റെ മുമ്പാകെ സബ് ആക്ഷൻ പ്ലാനുകൾ സമർപ്പിക്കുന്നതിന് സബ് വർക്കിംഗ് ഗ്രൂപ്പുകൾ/റിസോഴ്‌സ് സപ്പോർട്ട് ഗ്രൂപ്പുകൾ രൂപീകരിക്കും.
സംസ്ഥാനതലത്തിൽ മിഷന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഒരു കോ-ഓർഡിനേറ്ററെ നിയമിക്കും. കൃഷി വകുപ്പിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായി നിയമിക്കും. കൃഷിവകുപ്പിന്റെ അംഗീകാരത്തോടെ സബ് വർക്കിംഗ് ഗ്രൂപ്പ് റിസോഴ്‌സ് പേഴ്‌സൺമാരെ നിയമിക്കും.
ഗവൺമെന്റ് പ്ലീഡർ
വയനാട് ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറായി എം കെ ജയപ്രമോദിനെ നിയമിക്കും.
ഭൂമി കൈമാറ്റം
കോന്നി ചിറ്റാർ വില്ലേജിൽപ്പെട്ട 80.94 ആർ സർക്കാർ പുറമ്പോക്ക് ഭൂമി സ്ത്രീകളുടെയും കുട്ടികളുടേയും ആശുപത്രി നിർമ്മാണത്തിന് കൈമാറും. രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾക്കും നിബന്ധനകൾക്കും വിധേയമായി സ്ഥലത്തിന്റെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി കൈവശാവകാശം ആരോഗ്യ-കുടുംബക്ഷേമ വകുപ്പിന് കൈമാറും.
സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കും
കൃഷി, മൃഗ സംരക്ഷണം, ക്ഷീര വികസനം എന്നീ വകുപ്പുകളിലെ ഫാം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്‌ക്കരിക്കും.
ശമ്പള പരിഷ്‌ക്കരണം
സെന്റർ ഫോർ ഡെവലപ്പ്‌മെന്റ് സ്റ്റഡീസിലെ നോൺ അക്കാദമിക്ക് ജീവനക്കാർക്ക് വ്യവസ്ഥകളോടെ 11-ാം ശമ്പള പരിഷ്‌ക്കരണം നടപ്പാക്കാൻ തീരുമാനിച്ചു.
തുടർച്ചാനുമതി നൽകും
സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ 1012 താൽക്കാലിക തസ്‌തികകൾക്ക് 1.04.2021 മുതൽ 31.03.2022 വരെ തുടർച്ചാനുമതി നൽകും. കേന്ദ്ര പ്ലാൻ വിഭാഗത്തിലെ 872 തസ്‌തികകളും സംസ്ഥാന പ്ലാൻഹെഡ്ഡിലെ കംപ്യൂട്ടർ വിഭാഗത്തിലെ ഡെപ്യൂട്ടി ഡയറക്‌ടറുടെ ഒരു തസ്‌തികയും, നോൺപ്ലാൻ ഹെഡ്ഡിലെ 139 തസ്‌തികകളും ഉൾപ്പെടെയാണിത്.