തിരുവനന്തപുരം: ഓണംവാരാഘോഷത്തിന് സമാപനം കുറിച്ച് നഗരത്തില്‍ നടന്ന സാംസ്‌ക്കാരിക ഘോഷയാത്രയില്‍ പങ്കെടുത്ത ഫ്‌ളോട്ടുകള്‍ക്കും കലാരൂപങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ ഒന്നാം സ്ഥാനം നബാര്‍ഡിനും രണ്ടാം സ്ഥാനം തെരഞ്ഞെടുപ്പ് കമ്മിഷന്റെയും ഫ്‌ളോട്ടുകള്‍ക്ക് ലഭിച്ചു. കേരള സര്‍ക്കാര്‍ വകുപ്പുകളുടെ വിഭാഗത്തില്‍ മത്സ്യബന്ധന വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചലച്ചിത്ര അക്കാഡമിയുടെയും ശുചിത്വ മിഷന്റെയും ഫ്‌ളോട്ടുകള്‍ക്കാണ് സര്‍ക്കാരിതര സ്ഥാപന വിഭാഗത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ ഔഷധിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷനും പുരസ്‌ക്കാരങ്ങള്‍ കരസ്ഥമാക്കി.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷനും തിരുവനന്തപുരം ജില്ലാ പഞ്ചായത്തുമൊരുക്കിയ ഫ്‌ളോട്ടുകള്‍ക്ക് ഒന്നും രണ്ടും സ്ഥാനം ലഭിച്ചു. സഹകരണ / ബാങ്കിംഗ് മേഖല വിഭാഗത്തില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെയ്യാറ്റിന്‍കരയും സര്‍ക്കിള്‍ സഹകരണ യൂണിയന്‍ നെടുമങ്ങാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. സ്വകാര്യ സ്ഥാപനങ്ങളുടെ വിഭാഗത്തില്‍ പി.എം.എസ് കോളേജ് ഓഫ് ഡെന്റല്‍ സയന്‍സ് പുരസ്‌കാരം നേടി. ദൃശ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ വലിയ പാവ, ആനക്കളി എന്നിവ അവതരിപ്പിച്ച അനില്‍ കിളിമാനൂരിന് ഒന്നാം സ്ഥാനവും മിക്കി മൗസ്, തെയ്യം എന്നിവ അവതരിപ്പിച്ച അനില്‍ മാധവ് രണ്ടാം സ്ഥാനവും നേടി. ശ്രവ്യകലാരൂപങ്ങളുടെ വിഭാഗത്തില്‍ ഹിനാസ് സതീഷ് അവതരിപ്പിച്ച ശിങ്കാരി മേളത്തിന് ഒന്നാം സ്ഥാനവും രതീഷ് അവതരിപ്പിച്ച ചെണ്ട മേളത്തിന് രണ്ടാം സ്ഥാനവും ലഭിച്ചു.