കോട്ടയം: മുന്‍ മന്ത്രിയും ജനതാദള്‍ മുന്‍ സംസ്ഥാന പ്രസിഡന്റുമായ പ്രൊഫ. എന്‍ എം ജോസഫ് (79)അന്തരിച്ചു. വാര്‍ദ്ധക്യ സാഹചമായ അസുഖങ്ങളെ തുടര്‍ന്ന് പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അന്തരിച്ചത്.
1987 മുതല്‍ 1991 വരെ നയനാര്‍ മന്ത്രിസഭയില്‍ വനം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. 1987ല്‍ പൂഞ്ഞാറില്‍ നിന്നാണ് വിജയിച്ചത്. പ്രൊഫ. എൻ എം ജോസഫ് സംഘടനാ കോൺസിലൂടെയാണ് രാഷ്ട്രീയ രംഗത്ത് സജീവമായത്. അടിയന്തിരാവസ്ഥക്കാലത്ത് ജനതാപാർട്ടിയിലെത്തിയ എൻ എം ജോസഫ് 1987 മുതൽ 1991 വരെ നയനാർ സർക്കാരിൽ വനം വകുപ്പ് മന്ത്രിയായിരുന്നു.
പാലാ സെന്റ് തോമസ് കോളേജിലെ ഇക്കണോമിക്സ് അധ്യാപകനായിരുന്ന ജോസഫ് 1997ലാണ് വിരമിച്ചത്. അധ്യാപകവൃത്തിക്കൊപ്പം രാഷ്ട്രിയ പ്രവർത്തനവും തുടർന്നു. കേരള രാഷ്ട്രീയത്തിലും ദേശീയരാഷ്ട്രീയത്തിലും ഗതിനിർണ്ണായകമായ ഒരു കാലഘട്ടത്തിൽ സംശുദ്ധമായ രാഷ്ട്രീയപ്രവർത്തനം നടത്തിയ നേതാവായിരുന്ന എൻ എം ജോസഫ് രാഷ്ട്രീയ രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു.
ചേന്നാട് നീണ്ടൂക്കുന്നേൽ ജോസഫ് മാത്യുവിന്റേയും അന്നമ്മയുടെയും മകനായി 1943 ഒക്ടോബർ 18ന് ജനനം.ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" എന്ന പേരിൽ ആത്മകഥയുടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ൽ പൂഞ്ഞാർ അസംബ്ലി മണ്ഡലത്തിൽ ആദ്യ മത്സരത്തിൽ വിജയിക്കാനായില്ല. 1987ൽ പൂഞ്ഞാറിൽ പി സി ജോർജിനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. പാർടിയിലെ അത്യന്തം നാടകീയമായ ചില സംഭവങ്ങൾക്കൊടുവിൽ എം പി വീരേന്ദ്രകുമാർ സ്ഥാനമൊഴിഞ്ഞ ഒഴിവിലേയ്ക്ക് ആകസ്മികമായാണ് മന്ത്രിപദവിയിൽ എത്തിയത്.
കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എലിസബത്ത് (പ്രവിത്താനം ആദപ്പള്ളിൽ കുടുംബാംഗം). മക്കൾ: അനിത ജോസഫ് (അധ്യാപിക, കൊഴുവനാൽ സെന്റ് ജോൺസ് നെപുൻ സ്യാൻസ് എച്ച്എസ്എസ്), അനീഷ് ജോസഫ് (ബിസിനസ് എറണാകുളം). മരുമക്കൾ: ജോസ് ജെയിംസ് പറമ്പുമുറിയിൽ കങ്ങഴ (ചാർട്ടേഡ് അക്കൗണ്ടന്റ് കറുകച്ചാൽ), ലിസ് ജോർജ് നമ്പ്യാപറമ്പിൽ അഞ്ചിരി തൊടുപുഴ (അധ്യാപിക, പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് എൻജിനിയറിങ് കോളേജ്).