ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.
കോട്ടയം: സമൂഹിക- വനിതാ ക്ഷേമ പ്രവർത്തകയും വിദ്യാഭ്യാസ വിദഗ്ധയുമായ മേരി റോയ് (89) അന്തരിച്ചു. വിദ്യാഭ്യാസത്തില്‍ പുതുസമീപനമായ കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയി ക്രിസ്ത്യൻ പിന്തുടർച്ചാ കേസിൽ നിർണായക നിയമപോരാട്ടം നടത്തിയ വ്യക്തിയാണ്.
ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രിംകോടതി വിധിക്കു വഴിയൊരുക്കിയത് മേരി റോയിയുടെ നിയമപോരാട്ടമാണ്. ചരിത്ര പ്രധാനമായ വിധി 1986ലാണ് മേരി റോയ് സുപ്രിംകോടതിയില്‍ നിന്നും നേടിയെടുത്തത്.
പിതൃ സ്വത്തില്‍ ആണ്‍മക്കളുടെ പങ്കിന്റെ വെറും കാല്‍ ഭാഗമോ 5000 രൂപയോ ഇതില്‍ ഏതാണോ കുറവ് അതിനു മാത്രം അവകാശമുള്ള 1916ലെ തിരുവിതാംകൂര്‍ പിന്തുടര്‍ച്ചാ നിയമവും 1921ലെ കൊച്ചി പിന്തുടര്‍ച്ചാ നിയമവും പിന്തുടര്‍ന്ന് വന്ന സിറിയന്‍ ക്രിസ്ത്യന്‍ സമുദായത്തിലെ സ്ത്രീകള്‍ക്ക് സ്വത്തില്‍ തുല്യ പങ്ക് ലഭ്യമാക്കിയായിരുന്നു കോടതി വിധി.