കൊച്ചി: രണ്ടുവർഷത്തെ കോവിഡ് പ്രതിസന്ധികൾക്കുശേഷം എത്തുന്ന ഓണാഘോഷത്തിനായുള്ള കാത്തിരിപ്പിൽ ആദ്യദിനം മഴ കവരുന്ന ആശങ്കയിലും അത്താഘോഷം കളറാക്കി നാട്ടുകാർ. തിങ്കൾ അർധരാത്രിയോടെ തുടങ്ങിയ മഴ ചൊവ്വ രാവിലെയും തോർന്നില്ല. അത്തംനഗറായ തൃപ്പൂണിത്തുറ ഗവ. ബോയ്സ് സ്കൂൾ ഗ്രൗണ്ടും പരിസരപ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ ആശങ്കകൾ ഉയർന്നു. രാവിലെ നടക്കേണ്ടിയിരുന്ന സംഗീതവിരുന്ന് മാറ്റിവച്ചു. ഒമ്പതോടെ മഴ കുറഞ്ഞു. ആശങ്കകൾക്കും വിരാമമായി. പത്തരയോടെ ഉദ്ഘാടനച്ചടങ്ങ് തുടങ്ങി. തോമസ് ചാഴികാടൻ എംപി അത്തച്ചമയം ഉദ്ഘാടനം ചെയ്തു. കൊമ്പും കുഴലും പുല്ലാങ്കുഴലും വാദ്യമേളങ്ങളും വെടിക്കെട്ടും അകമ്പടിയായെത്തി. അനൂപ് ജേക്കബ് എംഎൽഎ അത്തംനഗറിൽ പതാക ഉയർത്തിയതോടെ ആർപ്പുവിളികളുടെ ആരവങ്ങൾക്കിടയിൽ ഓണാഘോഷത്തിന് കേളികൊട്ടുയർന്നു.
ഉദ്ഘാടനശേഷം സ്റ്റീഫൻ ദേവസിയുടെ സംഗീതവിരുന്നും അരങ്ങേറി. തുടർന്ന് ഘോഷയാത്ര ആരംഭിച്ചു. തെയ്യം, തിറ, കഥകളി തുടങ്ങി 45 ഇനം കലാരൂപങ്ങളും ഇരുപതോളം നിശ്ചലദൃശ്യങ്ങളും ഘോഷയാത്രയുടെ ഭാഗമായി. സ്കൂൾ, കോളേജ് വിദ്യാർഥികളും കുടുംബശ്രീ പ്രവർത്തകരും ആശാ പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങൾ ഘോഷയാത്രയിൽ പങ്കെടുത്തു.