കേരള സർവകലാശാലാ യൂണിയന്റെ പ്രവർത്തനോദ്‌ഘാടനം മന്ത്രി നിർവഹിച്ചു
തിരുവനന്തപുരം: ഭരണഘടനാ മൂല്യങ്ങളും മതേതര മൂല്യങ്ങളും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം യുവജനങ്ങൾ ഏറ്റെടുക്കണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ കേരള സർവകലാശാലാ യൂണിയന്റെ പ്രവർത്തനോദ്‌ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വിദ്യാർത്ഥികളെ സാംസ്കാരിക രംഗത്തേക്ക് നയിക്കുന്നതിൽ യൂണിവേഴ്സിറ്റി യൂണിയനുകൾക്ക് വലിയ പങ്ക് ഉണ്ട്. പൊതുവിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും കൂടുതൽ മികവിലേക്ക് ഉയർത്താൻ നിരവധി പദ്ധതികൾ ഒന്നാം പിണറായി സർക്കാരും രണ്ടാം സർക്കാരും നടപ്പിലാക്കുന്നുണ്ട്.
കേരള സമൂഹത്തെ ഒരു വൈജ്ഞാനിക സമൂഹമായി നവീകരിക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്. കേരളത്തിലെ വിദ്യാഭ്യാസ ഹബ്ബ് ആക്കി മാറ്റാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. മാറിയ തൊഴിൽ- ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ച് പുതിയ കോഴ്സുകൾ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നു.
കേരളത്തിൽ ഇപ്പോൾ വി സി മാരെ ലക്ഷ്യം വച്ചുകൊണ്ട് ചില നീക്കങ്ങൾ നടക്കുന്നുണ്ട്. അത് കേരളത്തിന്റെ ചരിത്രത്തിൽ ഇതുവരെ സംഭവിക്കാത്തതാണ്. വിദ്യാഭ്യാസ വിചക്ഷണന്മാരെ ആദരിക്കുന്ന പാരമ്പര്യമാണ് കേരളത്തിന് ഉള്ളത് എന്ന് വിമർശകർ മനസ്സിലാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.