വനിതാ കമ്മിഷന്‍ സിറ്റിങ്ങില്‍ 250 പരാതികളില്‍ തീര്‍പ്പായി
തിരുവനന്തപുരം: കുടുംബങ്ങളിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ കുട്ടികളുടെ മാനസിക ആരോഗ്യത്തെ ബാധിക്കുന്നുവെന്നും അവര്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗമായ ജാഗ്രതാസമിതിയുടെ നേതൃത്വത്തില്‍ കൗണ്‍സലിങ് ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി.സതീദേവി പറഞ്ഞു. തിരുവനന്തപുരം ജില്ലയില്‍ കേരള വനിതാ കമ്മിഷന്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് അഡ്വ. പി.സതീദേവിയുടെ പ്രതികരണം. ഭാര്യാഭര്‍ത്തൃബന്ധങ്ങളിലെ അസ്വാരസ്യങ്ങള്‍, സ്ത്രീധനപ്രശ്‌നങ്ങള്‍, മദ്യപാനത്തെത്തുടര്‍ന്നുള്ള ദാമ്പത്യത്തകര്‍ച്ച തുടങ്ങിയ നിരവധി കുടുംബപ്രശ്‌നങ്ങളാണ് സിറ്റിങ്ങില്‍ പരിഗണനയ്‌ക്കെടുത്തത്.
കഴിഞ്ഞ രണ്ട് ദിവസമായി ജവഹര്‍ ബാലഭവന്‍ ഹാളില്‍ നടന്ന ജില്ലാ സിറ്റിങ്ങില്‍ തിരുവനന്തപുരം റൂറല്‍ മേഖലയില്‍ നിന്നുള്ള 250 പരാതികള്‍ക്ക് തീര്‍പ്പായി. ആറ് പരാതികളില്‍ വിശദമായ പൊലീസ് റിപ്പോര്‍ട്ട് തേടി.സിറ്റിങ്ങില്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി.സതീദേവിക്കു പുറമേ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.