കൂത്തുപറമ്പ്: കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻതീപിടിത്തം. കണ്ടേരി റോഡിൽ ഇരുനില കെട്ടിടത്തിൽ ഞായറാഴ്‌ച പ്രവർത്തനമാരംഭിച്ച കെ ബി ട്രേഡ് ലിങ്കാണ് പൂർണമായും കത്തിനശിച്ചത്. കണ്ടേരി സ്വദേശിയായ എം ബാലന്റേതാണ് സ്ഥാപനം. കൂത്തുപറമ്പിൽ നിന്നും മട്ടന്നൂരിൽ നിന്നും വന്ന ഫയർ ഫോഴ്‌സ് സംഘം നാല് മണിക്കൂറോളം സമയമെടുത്താണ് തീ അണച്ചത്.
ചൊവ്വാഴ്‌ച രാവിലെ 6.30 ഓടെയാണ് തീപിടുത്തം ശ്രദ്ധയിൽ പെട്ടത്. ഉടൻ കൂത്തുപറമ്പ് ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. താഴത്തെ നിലയിൽ നിന്ന് തീ പടർന്നെന്നതാണെന്നും, ഷോർട് സെർക്യൂട്ട് ആണ് കരണമെന്നുമാണ് ഫയർ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.
താഴത്തെ നിലയിൽ സൂക്ഷിച്ച ശീതള പാനീയങ്ങളും, അമൂല്യ ഉല്‌പന്നങ്ങളും പൂർണമായും കത്തി നശിക്കുകയും അതിന്റെ ചൂടും പുകയുമേറ്റ് രണ്ടാമത്തെ നിലയിലെ ഓഫീസ് സംവിധാനങ്ങളും, കംപ്യൂട്ടറുകളും നശിക്കുകയായിരുന്നു. ഏകദേശം ഒരു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി അധികൃതർ പറഞ്ഞു. രക്ഷ പ്രവർത്തനത്തിനിടെ കൂത്തുപറമ്പ് ഫയർ ഫോഴ്‌സ് ജീനക്കാരനായ എം വിനോയ്‌ക്കും പരിക്കേറ്റു.