തിരുവനന്തപുരം: സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തഞ്ചാം വാർഷിക ദിനത്തിൽ തലസ്ഥാനത്തെ മാദ്ധ്യമപ്രവർത്തകർ കുടുംബമേള സംഘടിപ്പിച്ചു.തിരുവനന്തപുരം പ്രസ് ക്ലബിൻ്റെ നേതൃത്വത്തിൽ ഉദയ് പാലസ് കൺവെൻഷൻ സെൻ്ററിൽ സംഘടിപ്പിച്ച ആഘോഷത്തിൽ മാദ്ധ്യമപ്രവർത്തകരും കുടുംബാംഗങ്ങളുമടക്കം മൂവായിരത്തോളം പേർ പങ്കെടുത്തു.കുടുംബ സംഗമം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കെ.പി.സി.സി പ്രസിഡൻ്റ് കെ. സുധാകരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ചീഫ് സെക്രട്ടറി വി.പി. ജോയ്, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, പ്രസ് ക്ലബ് സെക്രട്ടറി എച്ച്. ഹണി, മുൻ പ്രസിഡൻ്റ് കെ. ശ്രീകണ്ഠൻ എന്നിവർ സംസാരിച്ചു.പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.ആർ. പ്രവീൺ സ്വാഗതവും സംഘാടക സമിതി ചെയർമാൻ കെ.എൻ. സാനു കൃതജ്ഞതയും പറഞ്ഞു.
വിവിധ മേഖലകളിലെ മികച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ആതുരസേവന രംഗത്തെ മികവിന് ഡോ. ബോബി ചെമ്മണ്ണൂർ, അനന്തപുരി ഹോസ്പിറ്റൽസ് & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ. എ. മാർത്താണ്ഡ പിള്ള, യാന ഹോസ്പിറ്റൽ എം.ഡി ഡോ. വിവേക് പോൾ, വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്കൂൾസ് ചെയർമാൻ എസ്. ജ്യോതിസ് ചന്ദ്രൻ, കൈത്തറി വ്യവസായ രംഗത്തെ കോവിഡ് അതിജീവന പ്രവർത്തനങ്ങൾക്ക് കസവുകട എം.ഡി എസ്. സുശീലൻ, ഗായകരായ കല്ലറ ഗോപൻ, പന്തളം ബാലൻ, ജേർണലിസത്തിൽ പിഎച്ച്ഡി നേടിയ പ്രസ് ക്ലബ് മുൻ പ്രസിഡൻ്റ് ഡോ. സോണിച്ചൻ പി. ജോസഫ് എന്നിവരെ പ്രസ് ക്ലബിൻ്റെ ഉപഹാരങ്ങൾ നൽകി മന്ത്രി വി. ശിവൻകുട്ടി ആദരിച്ചു.മീഡിയ അവാർഡ് ജേതാക്കളെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ അവാർഡുകളും വിതരണം ചെയ്തു.