November 23, 2024

Login to your account

Username *
Password *
Remember Me

കേരള സര്‍വ്വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് സംഘടിപ്പിച്ചു

തിരുവനന്തപുരം: അനലിറ്റിക്‌സ് പ്രൊഫഷണലുകളുടെ ഏറ്റവും വലിയ ആഗോള സംഘടനയായ യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സിന്റെ (IoA) ആഭിമുഖ്യത്തില്‍ കേരള സര്‍വകലാശാലയില്‍ അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് 2022 സംഘടിപ്പിച്ചു. സര്‍വകലാശാലകളിലെ കൊമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകരെ ലക്ഷ്യമിട്ടു യുകെ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ (ISDC) സഹകരണത്തോടെ സംഘടിപ്പിക്കുന്ന സമ്മിറ്റ് കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. പി.പി. അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡാറ്റാ സയന്‍സ് പോലുള്ള നൈപുണ്യാധിഷ്ഠിത പഠന മേഖലയ്ക്ക് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പഠനത്തിനും ഗവേഷണത്തിനും പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത് വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ പഠനാനുഭവം പരിപോഷിപ്പിക്കുന്നതിന് സഹായകമാകുമെന്നും ഡോ. അജയകുമാര്‍ വ്യക്തമാക്കി.

കേരള യൂണിവേഴ്‌സിറ്റി ഐക്യുഎസി (IQAC) ഡയറക്ടര്‍ പ്രൊഫ. ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഐഎസ് ഡിസി സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടോം എം ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നൈപുണ്യ വികസനത്തിന് ഭാവിയില്‍ ഏറെ പ്രയോജനപ്രദമായ മേഖലയാണ് അനലിറ്റിക്‌സെന്ന് അദ്ദേഹം വ്യക്തമാക്കി. ഡാറ്റകളുടെ യുക്തമായ ഉപയോഗത്തിന് ഇത് അനിവാര്യമാണെന്നും ടോം ജോസഫ് കൂട്ടിച്ചേര്‍ത്തു.

ഐഎസ് ഡിസി പാര്‍ട്ട്ണര്‍ഷിപ്പ് മേധാവി ഷോണ്‍ ബാബു, സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ഡയറക്ടര്‍ പ്രൊഫ. ഡോ. റസിയ ബീഗം, യൂണിവേഴ്‌സിറ്റി ഐഎംകെ വിഭാഗം മേധാവി പ്രൊഫ. ഡോ. കെ.എസ്. ചന്ദ്രശേഖര്‍, ഐഎസ് ഡിസി റീജിയണല്‍ മാനേജര്‍ ശരത് വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മാറികൊണ്ടിരിക്കുന്ന ആഗോള സമ്പദ്ഘടനയില്‍ ഡാറ്റാ അനലിറ്റിക്‌സില്‍ പ്രാവീണ്യമുള്ള പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതകളാണ് ഉള്ളതെന്ന് അനലിറ്റിക്‌സ് മേഖലയുടെ ഭാവി സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസാരിച്ച ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് എജ്യുക്കേഷന്‍ മേധാവി ഡോ. ക്ലെയര്‍ വാല്‍ഷ് പറഞ്ഞു. ഇത്തരം സമ്മിറ്റുകള്‍ മികച്ച പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്നതിന് ഏറെ സഹായകമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സയന്‍സ് രംഗത്ത് മികച്ച അധ്യാപകരെ എങ്ങനെ സൃഷ്ടിക്കാം എന്ന വിഷയത്തില്‍ ഐഎസ് ഡിസി ഐടി ആന്‍ഡ് അനലിറ്റിക്‌സ് എജ്യൂക്കേഷന്‍ മേധാവി ഡോ. വിനോദ് മൂര്‍ത്തിയും മികച്ച രീതികളുടെ പങ്കിടല്‍ എന്ന വിഷയത്തില്‍ ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി ഡാറ്റാ സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ്, ഐടി വിഭാഗം മേധാവി ഡോ. ബിന്ദു കൃഷ്ണനും സംസാരിച്ചു.

ഈ മാസം 25-ന് കാലിക്കറ്റ് സര്‍വകലാശാലയിലും 26-ന് എംജി സര്‍വകലാശാലയിലും സമാനമായി അനലിറ്റിക്‌സ് ആന്‍ഡ് ഡാറ്റാ സമ്മിറ്റ് നടക്കും.

അനലിറ്റിക്‌സില്‍ നൂതന കണ്ടുപിടുത്തങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനോടൊപ്പം ഇതേക്കറിച്ച് അവബോധം സൃഷ്ടിക്കാനുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനലിറ്റിക്‌സ് (IoA). ഈ മേഖലയിലെ പ്രൊഫഷണലുകള്‍ക്ക് പരസ്പരം ബന്ധപ്പെടാനും രംഗത്തെ പുതിയ പ്രവണതകളും സാധ്യതകളും മനസിലാക്കാനും സഹായകരമായ ശൃംഖല സൃഷ്ടിക്കുന്നതിലും IoA മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ഥികള്‍ക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള നൈപുണ്യം കരസ്ഥമാക്കുന്നതിനായി ഇന്ത്യയിലെ 200-ലേറെ സര്‍വകലാശാലകളുമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായും സഹകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന സ്ഥാപനമാണ് യുകെ ആസ്ഥാനമായ് ഐഎസ് ഡിസി. കേരളത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളുമായും പ്രമുഖ സ്വയംഭരണ കോളേജുകളുമായും ഐഎസ് ഡിസി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അസോസിയേഷന്‍ ഓഫ് ചാര്‍ട്ടേര്‍ഡ് സര്‍ട്ടിഫൈഡ് അക്കൗണ്ടന്റ്സിന്റെ (ACCA) അക്രെഡിറ്റേഷനുള്ള വിവിധ കൊമേഴ്‌സ് കോഴ്‌സുകള്‍ ലഭ്യമാക്കാനായി എംജി സര്‍വ്വകലാശാലയുമായും ഈയിടെ ഐഎസ് ഡിസി ധാരണാപത്രം ഒപ്പുവെച്ചിരുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.