May 13, 2024

Login to your account

Username *
Password *
Remember Me

മന്ത്രിയുടെ മാധ്യമ വിചാരണ അപഹാസ്യം: ഐ.എം.എ.

തിരുവനന്തപുരം : തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ആരോഗ്യ മന്ത്രി മാധ്യമങ്ങളെയും രാഷ്ട്രീയ സുഹൃത്തുക്കളെയും കൂട്ടി അരമണിക്കൂറിലേറെ മെഡിക്കല്‍ സൂപ്രണ്ടിനെ പരസ്യ മാധ്യമ വിചാരണ ചെയ്ത നടപടി അപഹാസ്യവും പ്രതിഷേധാര്‍ഹവുമാണ്. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല.

10 ഡോക്ടര്‍മാര്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആശുപത്രിയില്‍ കേവലം രണ്ട് ഡോക്ടര്‍മാര്‍ മാത്രമേ OP നടത്തിയുള്ളൂ എന്നു പ്രചരിപ്പിച്ചത് ഡോക്ടര്‍മാരെയും ആരോഗ്യ സ്ഥാപന ത്തെയും അവഹേളിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂ.
6 ഡോക്ടര്‍മാര്‍ ഒ.പി.യിലും ഒരു ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡ് കൂടുന്നതിനും രണ്ട് ഡോക്ടര്‍മാര്‍ കോടതി ഡ്യൂട്ടിയിലും ഒരു ഡോക്ടര്‍ റൗണ്‍സിലുമാണ് ഉണ്ടായിരുന്നത്.

വസ്തുതകള്‍ ഇങ്ങനെയായിരിക്കെ മനപ്പൂര്‍വ്വം ഡോക്ടര്‍മാരെ കരിതേച്ച് കാണിക്കുന്നത് ആരോഗ്യ മേഖലയിലുള്ള മന്ത്രിയുടെ അജ്ഞത മൂലമാകാം. ആശുപത്രിയില്‍ ഡ്യൂട്ടി സമയത്ത് വിവിധങ്ങളായ ഉത്തരവാദിത്തം ഉള്ളവരാണ് ഡോക്ടര്‍മാര്‍ എന്ന അടിസ്ഥാന കാര്യം മന്ത്രി മറച്ചുവയ്ക്കുന്നു.

താലൂക്ക് ആശുപത്രിയില്‍ അരമണിക്കൂറിലേറെ സമയം സഹരാഷ്ട്രീയക്കാരുമായി നടന്ന മന്ത്രിക്ക് ഏതെങ്കിലും സ്ഥലത്ത് നിന്ന് ഗൗരവമായ പരാതികളോ ചികിത്സ ലഭിക്കാതെ നില്‍ക്കുന്ന ആള്‍ക്കൂട്ടമോ കാണാനായിട്ടില്ല. ലഭിച്ച പരാതികള്‍ ഡോക്ടര്‍മാര്‍ക്കു പരിഹരി ക്കാന്‍ സാധ്യമായവയും അല്ല.

മരുന്നു ക്ഷാമം എന്നത് ഒരു ആശുപത്രിയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന പ്രശ്‌നമല്ല. കേരളമൊട്ടാകെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇന്ന് മരുന്ന് ക്ഷാമം രൂക്ഷമാണ്. KMSCL മരുന്ന് നല്‍കുന്നതിനുള്ള താമസമാണ് ഇതിനുള്ള കാരണം. ഒരു മെഡിക്കല്‍ ഓഫീസറോ സൂപ്രണ്ടോ വിചാരിച്ചാല്‍ നിമിഷനേരം കൊണ്ട് മരുന്നു വാങ്ങാന്‍ പറ്റുന്ന നടപടിക്രമങ്ങള്‍ നിലവിലില്ല. കാരുണ്യ ഫാര്‍മസികളില്‍ നിന്നും മരുന്നുകള്‍ ആവശ്യത്തിനു ലഭിക്കുന്നില്ല. ഇക്കാര്യങ്ങള്‍ വ്യക്തമായി അറിയാവുന്ന മന്ത്രി പൊതുജന കൈയടി നേടുന്നതിനായി ആശുപത്രി സൂപ്രണ്ടിനെ അകാരണമായി മാധ്യമ വിചാരണയ്ക്ക് വിധേയമാക്കി വ്യക്തിഹത്യ ചെയ്യുന്നത് ഈ മേഖലയിലുള്ള പരിമിതികള്‍ മറച്ചുവെക്കുന്നതിനു വേണ്ടി കൂടിയാകാം. ഇത് അനീതിയാണ്, പ്രതിഷേധാര്‍ഹമാണ്.

ഒരു ആശുപത്രി സൂപ്രണ്ടിനെ വഴിയില്‍ നിര്‍ത്തി മാധ്യമ വിചാരണയ്ക്കും പൊതു വിചാരണയ്ക്കും വിട്ടുകൊടുത്തത് സാമാന്യ മര്യാദയ്ക്കും മാന്യതയ്ക്കും നിരക്കുന്നതല്ല എന്നു മാത്രമല്ല ഡോക്ടര്‍ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതിനു തുല്യമാണ്. ഡോക്ടര്‍മാര്‍ക്കും ആശുപത്രികള്‍ക്കും നേരേയുണ്ടാകുന്ന ആക്രമണങ്ങള്‍ക്കു നേരെ പലപ്പോഴും കണ്ണടയ്ക്കുന്ന ഭരണകൂടം ഇത്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്നത് എരി തീയില്‍ എണ്ണയൊഴിക്കുന്നതിനു സമാനമാണ്.

സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും മറ്റ് ആശുപത്രി ജീവനക്കാരുടെയും രൂക്ഷമായ ക്ഷാമം പരിഹരിക്കുന്നതില്‍ സര്‍ക്കാരില്‍ നിന്നും ഒരു നടപടിയും ഉണ്ടാവുന്നില്ല. പി.എസ്.സി. വെയ്റ്റിംഗ് ലിസ്റ്റില്‍ 3000-ത്തോളം ഡോക്ടര്‍മാര്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോഴും പുതിയ തസ്തികകള്‍ സൃഷ്ടിക്കപ്പെടുന്നില്ല എന്നുള്ളത് ഈ മേഖലയിലെ പ്രശ്‌നങ്ങളുടെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. കേവലം ഒരു ഡോക്ടര്‍ മാത്രമായി പ്രവര്‍ത്തിക്കുന്ന നാല് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണ് തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ഉള്ളത്. നിലവിലുള്ള തസ്തികകള്‍ വച്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താങ്ങാവുന്നതില്‍ അധികം

ഭാരം ഏല്‍പ്പിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇനിയെങ്കിലും കാര്യങ്ങളെ യാഥാര്‍ത്ഥ്യ ബോധത്തോടുകൂടി കണ്ട്, എന്തിനും ഏതിനും ഡോക്ടര്‍മാരെ പഴിചാരി പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാതെ, ആരോഗ്യമേഖലയിലെ വിവിധ പ്രശ്‌നങ്ങള്‍ക്കു ന്യായമായ പരിഹാരം കാണണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെടുന്നു.
Rate this item
(0 votes)

Leave a comment

Make sure you enter all the required information, indicated by an asterisk (*). HTML code is not allowed.