കൊച്ചി: പ്രാദേശിക റെസ്റ്റോറന്റന്റുകൾ 'തലപ്പാക്കട്ടി' എന്ന പേര് ഉപയോഗിക്കുന്നതിനെ വിലക്കി മദ്രാസ് ഹൈക്കോടതി. തിരുവനന്തപുരത്ത് ‘തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന ഹോട്ടലിനെതിരെ പ്രമുഖ ഹോട്ടൽ ഗ്രൂപ്പായ ഡിണ്ടിഗൽ തലപ്പാക്കട്ടി ബിരിയാണി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഡിണ്ടിക്കൽ തലപ്പാക്കട്ടിയുടെ വാദങ്ങളും സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷം പ്രഥമദൃഷ്ടിയിൽ ഹർജിയിൽ കഴമ്പുണ്ടെന്ന് മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചു. 1957 മുതൽ തങ്ങൾ ഈ പേര് ഉപയോഗിച്ച് വരുകയാണെന്ന് ഡിണ്ടിഗൽ തലപ്പാക്കട്ടി ഹർജിയിൽ ചൂണ്ടികാട്ടി. ഹർജിയിൽ ഇടക്കാല സ്റ്റേ അനുവദിച്ച കോടതി എന്നാൽ ഹോട്ടലിന് ഹർജിക്കാരന്റെ ട്രേഡ്മാർക്ക് ഉപയോഗിക്കാതെ മറ്റൊരു പേരിൽ വ്യാപാരം തുടരാമെന്നും വ്യക്തമാക്കി.
മദ്രാസ് ഹൈക്കോടതിയോട് ഈ ന്യായമായ വിധിക്ക് തങ്ങൾ നന്ദിയുള്ളവരാണെന്ന് ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ഡിണ്ടിക്കൽ തലപ്പാക്കട്ടി ഹോട്ടൽസ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ അശുതോഷ് ബിഹാനി പറഞ്ഞു. "സമ്പന്നമായ പൈതൃകത്തിലും ആധികാരികതയിലും അതുല്യതയിലും വേരൂന്നിയ ഒരു സംരംഭമാണ് ഞങ്ങളുടേത്. 1957 ഡിണ്ടിക്കലിൽ നാഗസ്വാമി നായ്ഡു ആരംഭിച്ചതാണ് ഡിണ്ടിക്കൽ തലപ്പാക്കട്ടി. 'തലപ്പാ' (ഒരു പരമ്പരാഗത ശിരോവസ്ത്രം) സ്ഥിരമായി ധരിക്കുമായിരുന്ന അദ്ദേഹത്തിന് 'തലപ്പാക്കട്ടി നായിഡു' എന്ന പേര് വീഴുകയും പിന്നീട് അത് ബ്രാൻഡായി തന്നെ മാറുകയുമായിരുന്നു. ഞങ്ങളുടെ പേര് പാരമ്പര്യത്തിന്റെയും വർഷങ്ങളായി കൈമാറിവന്ന ആധികാരികവും മാറ്റമില്ലാത്തതുമായ സ്വാധീഷ്ഠ വിഭവങ്ങളുടെയും പ്രതീകമാണ്. നായിഡുവിന്റെ പരിശ്രമങ്ങളാൽ ദക്ഷിണേന്ത്യയിലെ ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം 'തലപ്പാക്കട്ടി' എന്ന വാക്ക് രുചിയുടെയും പരമ്പരാഗത നന്മയുടെയും പര്യായമായി മാറിയിരിക്കുന്നു. അതിനാൽ, തലപ്പാക്കട്ടി എന്ന പേരിന്റെ പകർപ്പവകാശം രക്ഷാധികാരം സംരക്ഷിക്കുന്നതിനായിയുള്ളതാണ്." അദ്ദേഹം കൂട്ടിച്ചേർത്തു.
തമിഴ്‌നാട്, ബാംഗ്ലൂർ, കേരളം എന്നിവിടങ്ങളിൽ 90 ഔട്ട്‌ലെറ്റുകളാണ് ഡിണ്ടിഗൽ തലപ്പാക്കട്ടിക്കുള്ളത്. ഇന്ത്യയിൽ നൽകുന്ന ഗുണനിലവാരം, അവതരണം, സേവനം എന്നിവയ്ക്കുള്ള കമ്പനിയുടെ പ്രതിബദ്ധതയാണ് ഈ അംഗീകാരം വ്യക്തമാക്കുന്നത്.