തിരു :സംസ്ഥാനത്ത് ഡബ്‌ള്യു. ഐ. പി. ആർ ഏഴിൽ കൂടുതലുള്ള സ്ഥലങ്ങളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തിങ്കളാഴ്ച മുതൽ രാത്രികാല കർഫ്യൂവും ഏർപ്പെടുത്തും. രാത്രി പത്തു മണിമുതൽ രാവിലെ ആറുവരെയായിരിക്കും നിയന്ത്രണം. ഐ ടി ഐ പരീക്ഷ എഴുതേണ്ടവർക്ക് മാത്രം പ്രാക്ടിക്കൽ ക്ലാസിന് അനുമതി നൽകും.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മുതിർന്ന ഐ.പി.എസ് ഓഫീസർമാരെ ജില്ലകളിലേയ്ക്ക് പ്രത്യേകമായി നിയോഗിച്ചു. ഇവർ തിങ്കളാഴ്ച ചുമതല ഏറ്റെടുക്കും. എല്ലാ ജില്ലകളിലും അഡീഷണൽ എസ്.പിമാർ കോവിഡ് നിയന്ത്രണങ്ങളുടെ ജില്ലാതല നോഡൽ ഓഫീസർമാരായിരിക്കും. ഇവർ ജില്ലകളിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തും. ഇന്നത്തെ സ്ഥിതിയും അതിന്റെ സവിഷേതകളും വിലയിരുത്തി മുന്നോട്ടു പോകാനുള്ള തന്ത്രം ആവിഷ്‌കരിക്കാൻ ഈ രംഗത്തെ വിദഗ്ധരെ പങ്കെടുപ്പിച്ചു യോഗം ചേരും. എല്ലാ മെഡിക്കൽ കോളേജുകളിലെയും കോവിഡ് ചികിത്സാനുഭവമുള്ള പ്രധാന ഡോക്ടർമാർ, ചികിത്സാ പരിചയം ഉള്ള സ്വകാര്യ ആശുപത്രി ഡോക്ടർമാർ, രാജ്യത്തെ പ്രമുഖ വൈറോളജിസ്റ്റുകൾ, ആരോഗ്യ വിദഗ്ദ്ധർ എന്നിവരെ യോഗത്തിൽ പങ്കെടുപ്പിക്കും. സെപ്തംബർ ഒന്നിന് ഈ യോഗം ചേരും. തദ്ദേശ സ്വയം സ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം സെപ്തംബർ മൂന്നിന് ചേരും. ആരോഗ്യ മന്ത്രിക്ക് പുറമെ റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരും ഈ യോഗത്തിൽ പങ്കെടുക്കും.
സംസ്ഥാനത്ത് അനുബന്ധ രോഗങ്ങളുള്ളവർക്കും പ്രായം കൂടിയവർക്കും കോവിഡ് ബാധയുണ്ടായാൽ അതിവേഗം ചികിത്സ ലഭ്യമാക്കാൻ നടപടിയെടുക്കും അനുബന്ധ രോഗമുള്ളവർ ആശുപത്രിയിലെത്തുന്നില്ലെങ്കിൽ രോഗം അതിവേഗം വഷളാകാനും മരണം സംഭവിക്കാനും സാധ്യത വളരെ കൂടുതലാണ്. ആ വിപത്ത് ഒഴിവാക്കാനുള്ള എല്ലാ ഇടപെടലുമുണ്ടാകും. വ്യാപാരസ്ഥാപനങ്ങളുടെ ഉടമസ്ഥരുടേയും റെസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടേയും യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ ഓണത്തിനു മുൻപ് വിളിച്ചു കൂട്ടിയിരുന്നു. ഇത്തരം യോഗങ്ങൾ വീണ്ടും ചേരാൻ നിർദ്ദേശിച്ചിട്ടുണ്ട്. വാക്‌സിൻ എടുക്കാത്തവർ അടിയന്തിരസാഹചര്യങ്ങളിൽ മാത്രമേ പുറത്തിറങ്ങുന്നുള്ളൂവെന്ന് ഉറപ്പാക്കാനാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ യോഗം ചേരുന്നത്. കടകളിൽ എത്തുന്നവരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ കടയുടമകളുടെ യോഗം ചേരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രോഗലക്ഷണങ്ങൾ കാണിക്കുന്ന എല്ലാവരേയും ആർ.ടി.പി.സി.ആർ ടെസ്റ്റുകൾക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരിൽ 80 ശതമാനത്തിലധികം പേർക്ക് ആദ്യത്തെ ഡോസ് വാക്‌സിനേഷൻ ലഭിച്ച ജില്ലകളിൽ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി 1000 സാമ്പിളുകളിൽ ടെസ്റ്റ് നടത്തും. 80 ശതമാനത്തിനു താഴെ ആദ്യത്തെ ഡോസ് ലഭിച്ച ജില്ലകളിൽ 1500 സാമ്പിളുകളിലായിരിക്കും ടെസ്റ്റ് നടത്തുക. രണ്ടു ഡോസ് വാക്‌സിൻ എടുത്തവരിൽ രോഗലക്ഷണങ്ങൾ കാണിക്കാത്തവർക്കും ഒരു മാസത്തിനുള്ളിൽ കോവിഡ് പോസിറ്റീവായവർക്കും ടെസ്റ്റുകൾ ആവശ്യമില്ല.
12 മണിക്കൂറിനുള്ളിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവാണെങ്കിലും പോസിറ്റീവ് ആണെങ്കിലും റിപ്പോർട്ട് ചെയ്യാത്ത ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കും. ഓരോ ലാബിലും ഉപയോഗിക്കുന്ന ആൻറിജൻ, ആർ.ടി.പി.സി.ആർ ടെസ്റ്റ് കിറ്റുകൾ ജില്ലാ അതോറിറ്റികൾ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകൾ ഉപയോഗിക്കുന്ന ലബോറട്ടറികളുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.