കോഴിക്കോട്: ലോകകപ്പിന്റെ ആരവം കേരളത്തിലും മുഴങ്ങിത്തുടങ്ങി. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പുള്ളാവൂരിൽ ആരാധകർ ഉയർത്തിയ മെസി, നെയ്‌മർ കട്ടൗട്ടുകൾ തരംഗമായി.
ചെറുപുഴയ്ക്ക് ഒത്തനടുവിലാണ് മെസിയുടെ കട്ടൗട്ടെങ്കിൽ കരയോടുചേർന്നാണ് അതിനേക്കാൾ ഉയരത്തിലും വലുപ്പത്തിലും നെയ്‌മറുള്ളത്. മുപ്പതടി ഉയരമുള്ള മെസിയുടെ കട്ടൗട്ടാണ് ആദ്യം ഉയർന്നത്. ലോകകപ്പ് ചരിത്രത്തിലെ അഞ്ചുകിരീടങ്ങളുടെ മാതൃകയും ചേർത്തുവച്ചാണ് 40 അടി ഉയരമുള്ള നെയ്‌മറുടെ കട്ടൗട്ട്. മെസിയുടെ കട്ടൗട്ടിന് മുപ്പതിനായിരമാണ് ചെലവെങ്കിൽ നാൽപ്പതിനായിരമാണ് നെയ്‌മറിനായി പൊടിച്ചത്. വൈകാതെ ക്രിസ്‌റ്റ്യാനോ റൊണാൾഡോയും എത്തുന്നുണ്ട്. ആരാധകരുള്ള മറ്റ് കളിക്കാരും കട്ടൗട്ടുകളായി പുഴയിൽ സ്ഥാനംപിടിച്ചേക്കാം.
ഇത് പുള്ളാവൂരിലെമാത്രം കാഴ്‌ചയല്ല. കട്ടൗട്ടും കൂറ്റൻ ബോർഡുകളും പതാകയും കമാനവും ഉയർത്തി ലോകകപ്പിനുള്ള ഒരുക്കത്തിലാണ് കേരളത്തിലെ കളിയാരാധകർ.