ഇരുപത് വർഷത്തിനുശേഷം ഏഷ്യ വീണ്ടും ലോകകപ്പിന് വേദിയാകുന്നു. 2006ലും 2010ലും ക്വാർട്ടറിൽ മടങ്ങേണ്ടിവന്നു. 2014ൽ നാലാംസ്ഥാനം നേടിയെങ്കിലും സെമിയിലെ ദയനീയ തോൽവിയുടെ ആഘാതം വലുതായിരുന്നു. ജർമനി 7–-1നാണ് തകർത്തുവിട്ടത്. കഴിഞ്ഞതവണ റഷ്യയിൽ സ്വിറ്റ്‌സർലൻഡിനോട് സമനിലയിൽ കുടുങ്ങിയാണ് തുടക്കം. കോസ്‌റ്ററിക്കയെയും സെർബിയയെയും രണ്ട് ഗോളിന് തോൽപ്പിച്ചു. പ്രീക്വാർട്ടറിൽ മെക്‌സിക്കോയെ പരാജയപ്പെടുത്തി. ക്വാർട്ടറിൽ ബൽജിയത്തോട് കീഴടങ്ങി. എല്ലാ ലോകകപ്പിലും കളിച്ച ടീമാണ് ബ്രസീൽ. ഏറ്റവും കൂടുതൽ ജേതാക്കളായതും മറ്റാരുമല്ല–-അഞ്ചുതവണ.
ലാറ്റിനമേരിക്കൻ യോഗ്യതയിൽ ഒന്നാംസ്ഥാനക്കാരായാണ് ഖത്തറിലെത്തുന്നത്. 17 കളിയിൽ 14 ജയവും മൂന്ന് സമനിലയും. 40 ഗോളടിച്ചു, അഞ്ചെണ്ണം വഴങ്ങി. കഴിഞ്ഞവർഷം കോപ അമേരിക്കയിൽ അർജന്റീനയോട് തോറ്റ് റണ്ണറപ്പായി.
പ്രതിഭകളുടെ സംഘത്തെയാണ് കോച്ച് ടിറ്റെ അവതരിപ്പിക്കുന്നത്. ആഴമേറിയ ലൈനപ്പ്. ഓരോ സ്ഥാനത്തേക്കും ഒന്നിലേറെ മിടുക്കരുണ്ട്. തലകൊണ്ടും കാലുകൊണ്ടും എണ്ണംപറഞ്ഞ ഗോളടിക്കാൻ കഴിവുള്ളവരാണ് ടീമിന്റെ ശക്തി. ആരും കൊതിച്ചുപോകുന്നൊരു നിര. ഗോളി അലിസൺ ബെക്കർ. മധ്യനിരയിൽ കാസിമെറോയാണ് ബുദ്ധികേന്ദ്രം. ഗോളൊരുക്കാനും അടിക്കാനും നെയ്‌മറിനൊപ്പം യുവനിരയും പരിചയസമ്പന്നരുമുണ്ട്. ഗബ്രിയേൽ ജെസ്യൂസ്, വിനീഷ്യസ് ജൂനിയർ, റിച്ചാർലിസൺ, പെഡ്രോ, റോഡ്രിഗോ എന്നിവർ ബ്രസീൽ നാളേക്കുവേണ്ടിയും കാത്തുവച്ചവരാണ്. ഫിലിപ് കുടീന്യോ, ലൂകാസ് പക്വേറ്റ, റോബർട്ടോ ഫിർമിനോയും അടക്കം യുവത്വവും പരിചയസമ്പത്തും മേളിച്ചൊരു ടീം. പ്രതിരോധത്തിന് പരിചയസമ്പത്തിനൊപ്പം പ്രായവുമുണ്ട്. തിയാഗോ സിൽവക്ക് 38 വയസ്സായി. ഡാനി ആൽവേസിനും അതേപ്രായം. മുപ്പതുകാരനായ നെയ്‌മർ ഇത് അവസാന ലോകകപ്പാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോളടിയിൽ പെലെക്ക് തൊട്ടരികിലാണ് നെയ്‌മർ. 121 കളിയിൽ 75 ഗോൾ. പെലെ 92 കളിയിൽ നേടിയത് 77 ഗോൾ. ഗ്രൂപ്പ് ജിയിൽ ഒപ്പമുള്ളത് സ്വിറ്റ്‌സർലൻഡ്, സെർബിയ, കാമറൂൺ ടീമുകളാണ്.