തിരുവനന്തപുരം: ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കോവളം ഫുട്ബോൾ ക്ലബ്ബിന് ഫെഡറൽ ബാങ്ക് സഹായം അനുവദിച്ചു. വിഴിഞ്ഞം ആസ്ഥാനമായുള്ള ദി കടലോരം സൊസൈറ്റി ഫോര്‍ എംപവറിങ് യൂത്തിനു കീഴിലെ ക്ലബാണ് കോവളം എഫ്‌സി. ക്ലബ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാങ്കിന്റെ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ എംവിഎസ് മൂര്‍ത്തി, ബാങ്കിന്റെ തിരുവനന്തപുരം സോണൽ മേധാവി രഞ്ജി അലക്സ്, റീജിയണൽ മേധാവി നിഷ കെ ദാസ്, ബാങ്കിന്റെ വിഴിഞ്ഞം ശാഖാ മാനേജർ മൂമിനത് ബീവി കെ എൻ എന്നിവർ ചേർന്നു നൽകിയ ചെക്ക് ക്ലബ്ബിനു വേണ്ടി പ്രസിഡന്റ് ടി ജെ മാത്യൂ സ്വീകരിച്ചു.
ക്ലബ്ബിന്റെ ഹെഡ് കോച്ച് എബിന്‍ റോസ്, കോച്ച് ഇഗ്നേഷ്യസ്, ക്ലബ് അംഗങ്ങൾ, ബാങ്കിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
തീരദേശ മേഖലയില്‍ നിന്നുള്ള യുവ കായിക പ്രതിഭകള്‍ക്ക് മികച്ച പരിശീലനം നല്‍കി വളര്‍ത്തിക്കൊണ്ടുവരികയാണ് കോവളം എഫ്‌സിയുടെ ലക്ഷ്യം. ഈ രംഗത്ത് മികച്ച മുന്നേറ്റം നടത്തിയ ക്ലബ് ശ്രദ്ധേയമായ നിരവധി നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.
ഇത്തരം കൂട്ടായ്മകളെ പരിപോഷിപ്പിക്കുന്നതിലൂടെ ബാങ്കിനു സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സാമൂഹിക പ്രതിബദ്ധതാ പരിപാടികളിൽ വലിയൊരു പങ്കുവഹിക്കാനും അതിലൂടെ രാജ്യത്തിന്റെ വളർച്ചയിൽ പങ്കാളികളാവാനുമാണ് ശ്രമിക്കുന്നതെന്ന് ബാങ്കിന്റെ സിഎംഒ എം വി എസ് മൂര്‍ത്തി പറഞ്ഞു.
ക്ലബ് അംഗങ്ങൾക്ക് ടൂർണമെന്റുകളുമായി ബന്ധപ്പെട്ട് യാത്ര ചെയ്യാനുള്ള ബസ് വാങ്ങാനും, കായിക ഉപകരണങ്ങള്‍ വാങ്ങാനും മറ്റുമുള്ള ചെലവിലേക്കായും കഴിഞ്ഞ വർഷങ്ങളിൽ ബാങ്ക് സംഭാവന നൽകിയിരുന്നു.