കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ സാമൂഹിക ഉത്തരവാദിത്ത പദ്ധതിയുടെ കീഴില്‍ നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പരിപാടിയുടെ ഭാഗമായി ഇടുക്കി ജില്ലയില്‍ നിന്നുള്ള 35 വനിതകള്‍ക്ക് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്, ടാലി പ്രോ എന്നിവയില്‍ പരീശീലനം നല്‍കുന്നു. നൈപുണ്യ പരിശീലനത്തിന് അവസരങ്ങള്‍ താരതമ്യേന കുറവായ ഇടുക്കി ജില്ലയിലെ തിരഞ്ഞെടുത്ത വനിതകള്‍ക്കാണ് മൂന്ന് മാസം നീണ്ടു നില്‍ക്കുന്ന പരിശീലനം നല്‍കുന്നത്. കൊച്ചിയിലെ ഫെഡറല്‍ സ്‌കില്‍ അക്കാഡമിയില്‍ റെസിഡന്‍ഷ്യല്‍ പഠന രീതിയിൽ 18നും 35നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് പരിശീലനം ലഭ്യമാക്കിയിരിക്കുന്നത്. വിദഗ്ധരുടെ മേല്‍നോട്ടത്തിലുള്ള പരിശീലനം വഴി തൊഴില്‍സജ്ജരാവുക മാത്രമല്ല പുതിയ തൊഴില്‍ കണ്ടെത്താനുള്ള സഹായവും ഫെഡറല്‍ സ്‌കില്‍ അക്കാഡമി ലഭ്യമാക്കുന്നുണ്ട്. രണ്ടാം ബാച്ച് പരിശീലനമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്.
രണ്ടാം ബാച്ച് ഉദ്ഘാടന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് സിഎസ്ആര്‍ മേധാവിയും ഡിവിപിയുമായ അനില്‍ സി ജെ മുഖ്യ പ്രഭാഷണം നടത്തി. എസ്ബി ഗ്ലോബല്‍ എജുക്കേഷന്‍ റിസോഴ്‌സസ് സിഇഒ വിനയരാജന്‍ കെ വി, ഫെഡറല്‍ സ്‌കില്‍ അക്കാഡമി സെന്റര്‍ മാനേജര്‍ ജയന്തി കൃഷ്ണചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
പിന്തുണയും കൈത്താങ്ങും ആവശ്യമായ ജനവിഭാഗങ്ങള്‍ക്ക് സഹായമെത്തിക്കുക എന്നതിന് ഫെഡറല്‍ ബാങ്ക് വലിയ മൂല്യം കല്‍പ്പിക്കുന്നതായി ബാങ്കിന്റെ പ്രസിഡന്റും ചീഫ് ഹ്യൂമന്‍ റിസോഴ്‌സ് ഓഫീസറുമായ അജിത് കുമാര്‍ കെ കെ പറഞ്ഞു. നൈപുണ്യ വികസനത്തിലൂടെ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമിടയില്‍ തൊഴില്‍ പരിശീലനവും വിദ്യാഭ്യാസവും പ്രോത്സാഹിപ്പിക്കുന്നിന് ഫെഡറല്‍ ബാങ്ക് മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.