കൊച്ചി: തങ്ങളുടെ യുവ പ്രതിരോധ താരം ബിജോയ് വര്‍ഗീസുമായുള്ള കരാര്‍ 2025 വരെ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സന്തോഷപൂര്‍വം പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സീസണില്‍ 21ാം നമ്പര്‍ ജേഴ്‌സിയിലായിരിക്കും താരം കളിക്കുക.
തിരുവനന്തപുരം സ്വദേശിയായ ബിജോയ് തന്റെ സ്‌കൂള്‍ കാലം തൊട്ടേ ഫുട്ബോളിനോട് അഭിനിവേശം പുലര്‍ത്തിയിരുന്നു. പിന്നീട് കോവളം എഫ്സിയുടെ യൂത്ത് ടീമില്‍ ചേര്‍ന്നു. 2018ല്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ എത്തിയ കേരള ടീമിന്റെ ഭാഗമായിരുന്ന താരം, ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ താരത്തിനുള്ള പുരസ്‌കാരവും നേടി. യൂത്ത് ലീഗില്‍ പങ്കെടുത്ത സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഫുട്ബോള്‍ ടീമിലും അംഗമായിരുന്നു.
2021ല്‍ കേരള പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റിസര്‍വ് ടീമിന്റെ ഭാഗമായി. പ്രീമിയര്‍ ലീഗിലെ സ്ഥിരതയാര്‍ന്ന പ്രകടനം 22 വയസുകാരന് സീനിയര്‍ ടീം ക്യാമ്പിലേക്കുള്ള വഴിയൊരുക്കി. ക്യാമ്പിലൂടെ സ്വയം മെച്ചപ്പെടുത്താനും ഗ്രഹിക്കാനുമുള്ള താരത്തിന്റെ നിരന്തരമായ സന്നദ്ധത, 2021-22 ഐഎസ്എല്‍ സീസണിലെ ഫൈനല്‍ ടീമില്‍ ഇടം നേടിക്കൊടുത്തു. 2021 ഡ്യൂറന്‍ഡ് കപ്പിലായിരുന്നു ക്ലബ്ബിന്റെ സീനിയര്‍ ടീമിനായുള്ള അരങ്ങേറ്റം. തുടര്‍ന്ന് ഐഎസ്എല്‍ സീസണില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ചു.
ദീര്‍ഘകാലത്തേക്ക് കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാന്‍ പോകുന്നതില്‍ താന്‍ ഏറെ ആവേശത്തിലാണെന്ന് ക്ലബ്ബുമായുള്ള വിപുലീകരണ കരാര്‍ ഒപ്പുവച്ചതിന് ശേഷം ബിജോയ് വര്‍ഗീസ് പറഞ്ഞു. പരിശീലകന്‍ ഇവാന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ വളരെ സന്തോഷമുണ്ട്, അതോടൊപ്പം കൂടുതല്‍ കഠിനാധ്വാനം ചെയ്യാനും, കളിയില്‍ മെച്ചപ്പെടാനും, എന്റെ കഴിവുകളുടെ മൂര്‍ച്ച കൂട്ടാനും ആഗ്രഹിക്കുന്നു. ഞാന്‍ കളിക്കുന്ന എല്ലാ മത്സരങ്ങളിലും എന്റെ നൂറ് ശതമാനം നല്‍കി, ക്ലബ്ബിന്റെ ആവേശഭരിതരായ എല്ലാ ആരാധകര്‍ക്കും നല്ല ഓര്‍മകള്‍ നല്‍കാനാവുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-ബിജോയ് കൂട്ടിച്ചേര്‍ത്തു.
ബിജോയിയുടെ കാര്യത്തില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. എല്ലാം സാധ്യമാണ് എന്നതിന്റെ മികച്ച ഉദാഹരണമാണ് താരം. അദ്ദേഹം വളരെ കഠിനാധ്വാനം ചെയ്തു, ഒരിക്കലും ഉപേക്ഷ കാണിച്ചില്ല. കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമിന്റെ പ്രവര്‍ത്തന ഫലമാണ് അദ്ദേഹം. ഈ വിപുലീകരണത്തില്‍ ബിജോയിയെ അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കെബിഎഫ്‌സി യൂത്ത് സെക്ടറില്‍ കളിക്കാന്‍ തുടങ്ങുന്ന എല്ലാ യുവ താരങ്ങള്‍ക്കും അദ്ദേഹം ഒരു നല്ല മാതൃകയായിരിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു-സ്‌കിന്‍കിസ് പറഞ്ഞു.