തിരുവനന്തപുരം: കൊവിഡ് മഹാമാരിക്ക് ശേഷം സജീവമാകുന്ന ടെക്‌നോപാര്‍ക്കില്‍ ബാക്ക് ടു ക്യാംപസ് ക്യാംപയിനിന്റെ ഭാഗമായി സ്‌പോര്‍ട്‌സ് ലീഗ് 2022ന് തുടക്കമായി. പാര്‍ക്ക് സെന്റര്‍ സ്റ്റാഫ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ ക്രിക്കറ്റ് മത്സരത്തോടെ ആരംഭിച്ചു.
പാര്‍ക്ക് സെന്ററിലെ വനിതാജീവനക്കാരുള്‍പ്പെടെ പങ്കെടുത്ത മത്സരം കേരള സ്‌റ്റേറ്റ് ഐ.ടി പാര്‍ക്‌സ് സി.ഇ.ഒ ജോണ്‍ എം. തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. കോവിഡ് 19 നോടനുബന്ധിച്ച് വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയ മുഴുവന്‍ ടെക്കികളെയും ക്യാംപസിലേക്ക് മടക്കി കൊണ്ട് വരാനും ടെക്നോപാര്‍ക്കിന്റെ പ്രൗഢിയും ഉത്സാഹവും വീണ്ടെടുക്കുവാനും ഇത്തരം പരിപാടികള്‍ സഹായകരമാണെന്ന് അദ്ദേഹം പറഞ്ഞു.
ഐ.ടി പാര്‍ക്‌സ് സെക്രട്ടറി - രജിസ്ട്രാര്‍ സുരേഷ് കുമാര്‍ ടി.പി, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ജയന്തി എല്‍, ജനറല്‍ മാനേജര്‍ (പ്രൊജക്ട്‌സ്) മാധവന്‍ പ്രവീണ്‍ എന്നിവര്‍ സംസാരിച്ചു. കായിക സമിതി അംഗങ്ങളായ അജിത് രവീന്ദ്രന്‍, പ്രദീപ് കുമാര്‍, സുരേഷ് കുമാര്‍, പ്രീതു പ്രതീപ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ക്രിക്കറ്റ് മത്സരത്തില്‍ പാര്‍ക്ക് സെന്ററിലെ നാല് ടീമുകള്‍ പങ്കെടുത്തു.