ആന്‍റിഗ്വ: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമി തേടി ഇന്ത്യ ഇന്ന് കളിയ്ക്കാൻ ഇറങ്ങും. വൈകിട്ട് ആറരയ്ക്ക് തുടങ്ങുന്ന ക്വാര്‍ട്ടറില്‍ ബംഗ്ലാദേശ് ആണ് എതിരാളികള്‍. കൊവിഡ് ബാധിതരായിരുന്ന താരങ്ങള്‍ തിരിച്ചെത്തുന്നത് ഇന്ത്യന്‍ ടീമിന് ആശ്വാസമാണ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വമ്പന്‍ ജയം നേടിയെങ്കിലും തൊട്ടുപിന്നാലെ നായകന്‍ യഷ് ധുളും വൈസ് ക്യാപ്റ്റന്‍ റഷീദും അടക്കം അഞ്ച് മുന്‍നിര താരങ്ങള്‍ കൊവിഡ് ബാധിതരായത് ക്ഷീണമായി. അയൽക്കാര്‍ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മുന്‍പ് അഞ്ച് പേരും നെഗറ്റീവായതിന്‍റെ ആശ്വസത്തിലാണ് ഇന്ത്യന്‍ ക്യാംപ്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി 712 റൺസ് നേടിക്കഴിഞ്ഞ ബാറ്റിംഗ് നിരയ്ക്ക് യഷിന്‍റെയും റഷീദിന്‍റെയും തിരിച്ചുവരവ് കൂടുതൽ കരുത്താകും. കഴിഞ്ഞ രണ്ട് കളിയിലും ഇന്ത്യയെ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് ബാധിതനായതിൽ നേരിയ ആശങ്കയുണ്ട്. മൂന്ന് കളിയിലും ആധികാരിക ജയം ഇന്ത്യ നേടിയെങ്കില്‍ ഇംഗ്ലണ്ടിനെതിരായ തോൽവിയോടെ തുടങ്ങിയ ശേഷമാണ് ബംഗ്ലാദേശ് ഫോം കണ്ടെത്തിയത്. യുഎഇക്കും കാനഡയ്ക്കും എതിരെ രണ്ടാമത് ബാറ്റ് ചെയ്‌തായിരുന്നു നിലവിലെ ജേതാക്കളുടെ ജയം. ഇന്ത്യയാകട്ടേ ടൂര്‍ണമെന്‍റില്‍ ഇതുവരെ സ്കോര്‍ പിന്തുടര്‍ന്നിട്ടില്ല.