ലോക കായിക ഭൂപടത്തില്‍ ഇടുക്കിയെ അടയാളപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ള വികസനപ്രവര്‍ത്തനങ്ങളാണ് കായിക രംഗത്ത് നടപ്പാക്കുന്നതെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍.
നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ് ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയം സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദേഹം. നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ് ഹൈ ആള്‍ ട്ടിറ്റിയൂഡ് സ്റ്റേഡിയം, പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം, സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഇവ പൂര്‍ത്തിയാകുന്നതോടെ ജില്ല സാമ്പത്തികമായും കായിക രംഗത്തും പുരോഗതി കൈവരിക്കും. ജില്ലയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ജനകീയമായ കായിക വികസനം ലക്ഷ്യമാക്കിയാണ് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലയുടെ കായിക കുതിപ്പിന് കരുത്ത് പകരുന്നതായിരുന്നു കായിക വകുപ്പ് മന്ത്രി വി. അബ്ദു റഹ്‌മാന്റെ ജില്ലയിലെ സന്ദര്‍ശനം.
ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍, എം.എം മണി എം.എല്‍.എ എന്നിവരും കായിക മന്ത്രിക്കൊപ്പം നിര്‍മ്മാണം പുരോഗമിക്കുന്ന കായിക കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തി. സന്ദര്‍ശനത്തിനിടയില്‍ നെടുങ്കണ്ടം മള്‍ട്ടിപര്‍പ്പസ് ഹൈ ആള്‍ട്ടിറ്റിയൂഡ് സ്റ്റേഡിയത്തില്‍ മന്ത്രിമാരായ റോഷി അഗസ്റ്റിനും അബ്ദുറഹ്‌മാനും എം.എല്‍.എ എം.എം മണിയും പന്ത് തട്ടി കളിക്കളത്തിലിറങ്ങിയത് മാധ്യമപ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൗതുകമായി.
നിര്‍മ്മാണം പുരോഗമിക്കുന്ന നെടുങ്കണ്ടം പച്ചടി ഇന്‍ഡോര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് കായിക മന്ത്രി നിര്‍മ്മാണ പുരോഗതി വിലയിരുത്തി.
ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ സ്‌കെച്ചും പ്ലാനും മന്ത്രി പരിശോധിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തോട് അനുബന്ധിച്ച് റോളര്‍ സ്‌കേറ്റിംഗ് പരിശീലന കേന്ദ്രം കൂടി ആരംഭിക്കുന്നതിനുള്ള സൗകര്യം കൂടി പരിശോധിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അദേഹം നിര്‍ദേശം നല്‍കി.
മന്ത്രിമാര്‍ക്കും എം.എല്‍.എക്കുമൊപ്പം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മേഴ്‌സി കുട്ടന്‍, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി കുഞ്ഞ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യുട്ടീവ് അംഗം അനസ് ഇബ്രാഹിം, ജൂഡോ അസ്സോസിയേഷന്‍ പ്രസിഡന്റ് കെ.എന്‍ സുകുമാരന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കെ.വി കുര്യാക്കോസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവരും സ്റ്റേഡിയങ്ങള്‍ സന്ദര്‍ശിച്ചു.