കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വനിതാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനൽ നാളെ (ഡിസംബർ 9 ). ഫൈനലില്‍ റെയില്‍വേസും മണിപ്പൂരും ഏറ്റുമുട്ടും. ചൊവ്വാഴ്ച നടന്ന സെമിഫനലുകളില്‍ റെയില്‍വേസ് മിസോറമിനെയും മണിപ്പൂര്‍ ഒഡീഷയെയുമാണ് പരാജയപ്പെടുത്തിയത്. ഫൈനല്‍ മത്സരം നാളെ (ഡിസംബർ ഒമ്പതിന് ) വൈകീട്ട് മൂന്നു മണിക്ക് കോര്‍പറേഷന്‍ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കും.
ഇരുമത്സരങ്ങളിലും പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഫൈനലിസ്റ്റുകളെ തീരുമാനിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളിന്റെ സമനില പാലിച്ച മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 7-6 ന്റെ വിജയമാണ് റെയിൽവേസ് സ്വന്തമാക്കിയത്. രണ്ടാം പകുതിയിലായിരുന്നു ഇരു ഗോളുകളും പിറന്നത്. സഡന്‍ ഡെത്തില്‍ മിസോറാമിന്റെ കിക്ക് പാഴായതോടെ റെയില്‍വേസ് ഫൈനലിലേക്ക് മുന്നേറി.
മണിപ്പൂരും ഒഡീഷയും തമ്മിലുള്ള രണ്ടാം സെമിയില്‍ ഒന്നാം പകുതിയില്‍ നേടിയ ഗോളുകളുമായാണ് ഇരു ടീമുകളും ഇടവേളയ്ക്ക് പിരിഞ്ഞത്. രണ്ടാം പകുതിയിലും അധികസമയത്തും സമനില പൂട്ടു പൊട്ടിക്കാന്‍ രണ്ടു ടീമുകള്‍ക്കും കഴിയാത്തതിനാല്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. മണിപ്പൂര്‍ എടുത്ത മൂന്ന് കിക്കുകളും വലയില്‍ കയറിപ്പോള്‍ ഒഡീഷയക്ക് ഒന്നു പോലും ഗോളാക്കി മാറ്റാന്‍ കഴിഞ്ഞില്ല. ഇതോടെ 4-1ന്റെ വിജയവുമായി മണിപ്പൂര്‍ ഫൈനലിലെത്തി.