ന്യൂഡൽഹി: വിലക്കയറ്റം യാഥാർഥ്യമാണെന്നും അത് പിടിച്ചുനിർത്താനുള്ള എല്ലാ ശ്രമവും കേന്ദ്രസർക്കാർ നടത്തുന്നുണ്ടെന്നും ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ വിലക്കയറ്റ ചർച്ചയ്‌ക്കുള്ള മറുപടിയിൽ പറഞ്ഞു. വിലക്കയറ്റം തടയാൻ കൃത്യമായ ലക്ഷ്യത്തോടെയുള്ള സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. രണ്ടായിരത്തി പതിമൂന്നുമായി താരതമ്യപ്പെടുത്തുമ്പോൾ കിഴങ്ങിന്റെയും സവാളയുടെയും തക്കാളിയുടെയും വില നിയന്ത്രിക്കാനായി. ചില്ലറവിലസൂചിക ഏഴ് ശതമാനത്തിലെത്താൻ അന്താരാഷ്ട്ര സാഹചര്യങ്ങളാണ് കാരണം.
പായ്‌ക്ക് ചെയ്‌ത ഭക്ഷ്യോൽപ്പന്നങ്ങൾക്കും പാലിനും തൈരിനും മറ്റും ജിഎസ്‌ടി ചുമത്താനുള്ള കൗൺസിൽ തീരുമാനം ഏകകണ്‌ഠമാണ്. ഒരു സംസ്ഥാനം പോലും വിയോജിച്ചില്ല. ഇക്കാര്യം ആധികാരികമായി പറയുന്നതാണ്. ബാങ്കുകളിൽനിന്ന് പണം പിൻവലിക്കുന്നതിന് ജിഎസ്‌ടിയില്ല. ചെക്ക് ബുക്കുകൾക്ക് മാത്രമാണ്.
പുതിയ ശ്‌മശാനങ്ങൾ നിർമിക്കുന്നതിന് മാത്രമാണ് ജിഎസ്‌ടി. ഭക്ഷ്യവസ്‌തുക്കൾക്കും പാലിനും തൈരിനും മറ്റും ജിഎസ്‌ടി വരുന്നതിന് മുമ്പുതന്നെ പല സംസ്ഥാനങ്ങളും വാറ്റ് ചുമത്തിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തികഅടിത്തറ ഭദ്രമാണ്. സാമ്പത്തികബുദ്ധിമുട്ട് എല്ലാ രാജ്യങ്ങളിലുമുണ്ട്–- നിർമല പറഞ്ഞു.
വിലക്കയറ്റം തടയാൻ ഒരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ലെന്ന് ചർച്ചയിൽ പ്രതിപക്ഷ പാർടി നേതാക്കളായ എളമരം കരീം, ശക്തിസിങ് ഗോഹിൽ, ഡെറിക്ക് ഒബ്രിയൻ, തിരുച്ചി ശിവ, മനോജ് ഝാ, സഞ്‌ജയ് സിങ് തുടങ്ങിയവർ കുറ്റപ്പെടുത്തി. ബിഹാറിൽ എൻഡിഎ ഘടകകക്ഷിയായ ജെഡിയു എംപി രാംനാഥ് ഠാക്കൂറും കേന്ദ്രത്തെ വിമർശിച്ചു.