ദ്രൗപതി മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും.
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം പുതിയ രാഷ്ട്രപതിക്ക് ചൊല്ലി നൽകും. രാവിലെ 10 15നാണ് സത്യപ്രതിജ്ഞ ചടങ്ങ്.സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാം നാഥ് കോവിന്ദ് , ഉപരാഷ്ടപതി വെങ്കയ്യ നായിഡു , പ്രധാനമന്ത്രി നരേന്ദ്ര മോദി, മുൻ പ്രധാന മന്ത്രിമാർ, കേന്ദ്രമന്ത്രിമാർ,എംപിമാർ, വിവിധ പാർട്ടി നേതാക്കൾ, വിശിഷ്ട വ്യക്തികൾ, വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും . സത്യപ്രതിജ്ഞ ചടങ്ങിനു ശേഷം പുതിയ രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് രാഷ്ട്രപതി സ്ഥാനത്ത് എത്തുന്ന ആദ്യ വനിതയാണ് ദൗപതി മുർമ്മു. പരമ്പരാഗത രീതിയിൽ പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ആണ് സത്യപ്രതിജ്ഞ ചടങ്ങുകൾ.