ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പരമോന്നത പദവിയില്‍ എത്തുന്ന രണ്ടാമത്തെ വനിത. ആദിവാസി വിഭാഗത്തിൽനിന്ന് ഒരാൾ ചരിത്രത്തിൽ ആദ്യമായി രാജ്യത്തിന്റെ സർവ സൈന്യാധിപ ആകുന്നു. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച ആദ്യ രാഷ്ട്രപതി, ഈ പദവിയിലെത്തുന്ന ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി എന്നീ പ്രത്യേകതകളുമുണ്ട്. പ്രതീക്ഷിച്ചതിലും കൂടുതൽ വോട്ട് നേടിയാണ് എൻഡിഎ സ്ഥാനാർഥിയുടെ ജയം. രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വിപ്പ് ഇല്ലാത്തതിനാൽ പ്രതിപക്ഷ വോട്ടിൽ ചോർച്ചയുണ്ടായി. കോൺഗ്രസിൽനിന്നാണ് കൂടുതൽ വോട്ടുചോർച്ച. 17 എംപിമാരും 104 എംഎല്‍എമാരും പക്ഷംമാറി വോട്ടുചെയ്തു.
മൂന്നാം റൗണ്ടിൽത്തന്നെ മുർമു ഭൂരിപക്ഷത്തിന് ആവശ്യമായ വോട്ടുമൂല്യം നേടി. ആകെ 4754 വോട്ടിൽ മുർമു 2824 വോട്ട് നേടി. ആകെ മൂല്യം 676803. യശ്വന്ത്‌സിൻഹ 1877 വോട്ടും നേടി. മൂല്യം 380177. മുർമുവിന് 64.03 ശതമാനം വോട്ടു ലഭിച്ചു. 53 വോട്ട് അസാധുവായി. കേരളത്തിൽനിന്ന് ഒരു വോട്ട് ദ്രൗപദി മുർമുവിന് ലഭിച്ചു.
നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജയിച്ചപ്പോള്‍ 65 ശതമാനം വോട്ടു നേടിയിരുന്നു. ഈ പ്രകടനം മറികടക്കുക എന്ന ബിജെപി ലക്ഷ്യം സാധിക്കാനായില്ല. 35.97 ശതമാനം വോട്ടുനേടി പ്രതിപക്ഷത്തിന്റെ പൊതു സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹ മികച്ച പ്രകടനം കാഴ്ചവച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ഞായറാഴ്ച അവസാനിക്കും. തിങ്കളാഴ്ച പുതിയ രാഷ്‌ട്രപതി സത്യപ്രതിജ്ഞ ചെയ്യും.
ഒഡിഷയിലെ മയൂർഭഞ്ച് ജില്ലയിലെ സാന്താൾ ആദിവാസി കുടുംബത്തിലാണ് അറുപത്തിനാലുകാരിയായ ദ്രൗപദിയുടെ ജനനം. ഭുവനേശ്വർ രമാദേവി വിമൻസ് കോളേജിൽനിന്ന് ബിരുദം നേടിയശേഷം സർക്കാർ ഉദ്യോഗസ്ഥയായും അധ്യാപികയായും പ്രവർത്തിച്ചു. 1997ൽ റായ്‌രങ്‌പുരിൽ ബിജെപി ടിക്കറ്റിൽ നഗരസഭാ കൗൺസിലറായി. 2000ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നാലു വർഷം സംസ്ഥാനമന്ത്രിയായി. 2015ൽ ജാർഖണ്ഡ് ഗവർണറുമായി. പാർലമെന്റ് മന്ദിരത്തിൽ പകൽ 11നാണ് വോട്ടെണ്ണൽ തുടങ്ങിയത്.