സർക്കാർ സ്‌കൂളുകളിൽ നിർധനരായ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായാണ് ബൈജൂസും ആന്ധ്രാപ്രദേശ് സർക്കാരുമായുള്ള ഈ കൂട്ടായ്മ
കൊച്ചി: സംസ്ഥാനത്തുടനീളമുള്ള സർക്കാർ സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി ആന്ധ്രാപ്രദേശ് സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പുവച്ച് പ്രമുഖ എഡ്‌ടെക് കമ്പനിയായ ബൈജൂസ്. 4 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഉന്നത നിലവാരമുള്ള, സാങ്കേതികവിദ്യയിലധിഷ്ഠിതമായ ഗണിത-ശാസ്ത്ര പാടവം പ്രദാനം ചെയ്യുകയാണ് ഈ പങ്കാളിത്തത്തിലൂടെ .
“സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകുന്നതിന് ബൈജൂസുമായി പങ്കാളികളാകുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. ഈ സംരംഭത്തിലൂടെ, സർക്കാർ സ്കൂളുകളിലെ 4 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ ശരിയായ മാർഗനിർദേശവും വിദ്യാഭ്യാസവും നൽകി മികച്ച ഫലം നേടിക്കൊടുക്കുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം. മെച്ചപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്താൻ മുന്നോട്ട് വന്നതിന് ബൈജൂസിന് നന്ദി. ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി ശ്രീ. വൈഎസ് ജഗൻ റെഡ്ഡി പറഞ്ഞു. കൂടാതെ ഈ വർഷം സെപ്റ്റംബറോടെ ഈ വിദ്യാർത്ഥികൾക്ക് ടാബ്‌ലെറ്റുകൾ നൽകുന്നതിനായി സർക്കാർ 500 കോടി രൂപ നിക്ഷേപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ഗുണനിലവാരമുള്ള വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ലഭിച്ച തികഞ്ഞ ബഹുമതിയാണ് ആന്ധ്രാപ്രദേശ് ഗവൺമെന്റുമായുള്ള ഈ സഹകരണം . വിദ്യാർത്ഥികൾക്ക് അവരുടെ സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, സ്ഥലം എന്നിങ്ങനെ യാതൊരു വേർതിരിവുമില്ലാതെ തന്നെ ലഭ്യമാകേണ്ട അടിസ്ഥാന അവകാശമാണ് വിദ്യാഭ്യാസം. സർക്കാർ സ്കൂളിൽ പഠിച്ച ആളെന്ന നിലയിൽ ഇത്തരമൊരു പങ്കാളിത്തത്തിന് വലിയ രീതിയിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നുണ്ട്. ഈ കൂട്ടായ പ്രയത്‌നം കുട്ടികളെ അവരുടെ യഥാർത്ഥ കഴിവുകൾ തിരിച്ചറിഞ്ഞ് ഉന്നതിയിലെത്താൻ സഹായിക്കും. ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രൻ പറഞ്ഞു.
മികച്ച വിദ്യാഭ്യാസത്തിൻറെ അഭാവം മൂലം ഒരു കുട്ടിയുടെയും അവസരം നഷ്ടമാകുന്നില്ല എന്ന് ഉറപ്പാക്കുക എന്നതതാണ് ഈ ചുവടുവെപ്പിൻറെ പ്രധാന ലക്‌ഷ്യം. കഴിഞ്ഞ രണ്ട് വർഷമായി ഓൺലൈൻ പഠനത്തിന് ലഭിച്ച ഗണ്യമായ സ്വീകാര്യത വിദ്യാഭ്യാസ സമ്പ്രദായത്തെ ദ്രുതഗതിയിൽ ഡിജിറ്റലൈസേഷനിലേക്ക് നയിക്കുകയും, അതുവഴി ദശലക്ഷക്കണക്കിന് കുട്ടികൾക്ക് അവരുടെ കഴിവുകൾ കണ്ടെത്താനും അവസരമൊരുക്കി. ഈ പങ്കാളിത്തത്തിലൂടെ സർക്കാർ സ്‌കൂളുകളിലെ കുട്ടികൾക്കായി സാങ്കേതികവിദ്യയിലധിഷ്ഠിതമായ പഠനം യാഥാർത്ഥ്യമാക്കാനും ആന്ധ്രാപ്രദേശ് സർക്കാർ ലക്ഷ്യമിടുന്നു.