ദില്ലി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇഡിക്ക് മുന്‍പാകെ ഹാജരാകുന്ന രാഹുൽ ഗാന്ധിക്കൊപ്പം നാളെ ഇഡി ഓഫീസിലേക്ക് കോൺഗ്രസ് നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇ ഡി ഓഫീസിലേക്ക് റാലി നടത്തിയാൽ അറസ്റ്റ് ചെയ്യുമെന്ന് നേതാക്കൾക്ക് ദില്ലി പൊലീസ് മുന്നറിയിപ്പ് നല്‍കി.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ നാളെ രാവിലെ പതിനൊന്ന് മണിക്കാണ് രാഹുല്‍ ഗാന്ധി ഇഡിക്ക് മുന്‍പില്‍ ഹാജരാകുക. എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് റാലി നടക്കാനായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ തീരുമാനം. രാജസ്ഥാന്‍, ഛത്തീസ് ഘട്ട് മുഖ്യമന്ത്രിമാര്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍ തുടങ്ങിയവര്‍ ദില്ലി പ്രതിഷേധത്തില്‍ അണിനിരക്കും എന്നായിരുന്നു വിവരം. എന്നാല്‍, ക്രമസമാധാന പ്രശ്നം ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി ദില്ലി പൊലീസ് അനുമതി നിഷേധിക്കുകയായിരുന്നു. വര്‍ഗീയ ലഹളയ്ക്കുള്ള സാധ്യത വരെ തള്ളികളയാന്‍ കഴിയില്ലെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, പൊലീസിന്‍റെ നിര്‍ദ്ദേശം അവഗണിച്ച് പ്രതിഷേധം നടക്കുമെന്നാണ് സൂചന.