-കൊറിയൻ സാംസ്‌കാരിക കേന്ദ്രം നടത്തുന്ന ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസിന്റെ രജിസ്‌ട്രേഷൻ മാർച്ച് ഒന്ന് മുതൽ
--മൂന്നു ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിന്റെ ഫൈനൽ മെയ് 2ന് ഡൽഹിയിൽ വെച്ച് നടക്കും
-2ലക്ഷം രൂപ, 1,50,000 രൂപ, 1ലക്ഷം രൂപ എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം ലഭിക്കുക
-ആദ്യ ഘട്ടം ഏപ്രിൽ 15ന് അവസാനിക്കും
തിരുവനന്തപുരം: ഏഴാമത് കൊറിയ-ഇന്ത്യ ഫ്രണ്ട്ഷിപ്പ് ക്വിസ് മത്സരത്തിന്റെ റജിസ്‌ട്രേഷൻ മാർച്ച് ഒന്നിന് ആരംഭിക്കും. ഇന്ത്യയിലെ കൊറിയൻ സാംസ്‌കാരിക കേന്ദ്രം രാജ്യത്തൊട്ടാകെയുള്ള സ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വിപുലമായ ക്വിസ് മത്സരമാണ് ഇത്. കൊറിയൻ സംസ്‌കാരത്തെയും, ഭാരതവുമായി കൊറിയ പുലർത്തുന്ന വർഷങ്ങളായുള്ള ആത്മബന്ധവും സ്‌കൂൾ വിദ്യാർഥികളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ക്വിസ് സംഘടിപ്പിക്കുന്നത്. പങ്കെടുക്കുവാനായി വിദ്യാർഥികൾ www.koreaindiaquiz2022.com എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
കൊറിയയുടെ സാമൂഹിക പശ്ചാത്തലം, സംസ്‌കാരം, പാരമ്പര്യം, തച്ചുശാസ്ത്രം, ചരിത്രം, കല, ഭൂപ്രകൃതി, ഭാഷ, കായികം, ശാസ്ത്രം തുടങ്ങി രാജ്യത്തെ സംബന്ധിക്കുന്ന എല്ലാ മേഖലയിൽ നിന്നുമുള്ള ചോദ്യങ്ങളും മത്സരത്തിൽ ഉണ്ടായിരിക്കുന്നതാണ്.
ഡൽഹി എൻസിആറിൽ നിന്നും 2016ൽ ആരംഭിച്ച ക്വിസ് മത്സരം പങ്കാളിത്തം വർദ്ധിച്ചതോടെയാണ് ദേശീയ തലത്തിലേക്ക് ഉയർത്താൻ തീരുമാനിച്ചത്. കഴിഞ്ഞ രണ്ട് വർഷവും കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓൺലൈനായായിരുന്നു സംഘടിപ്പിച്ചത്. ഇത്തവണ വീണ്ടും ഓഫ്‌ലൈൻ രൂപത്തിലാവും മത്സരം നടക്കുക.
മൂന്നു ഘട്ടങ്ങളിലായാവും ക്വിസ് മത്സരം നടക്കുക. ആദ്യം മാർച്ച് ഒന്ന് മുതൽ ഏപ്രിൽ പതിനഞ്ച് വരെ നീളുന്ന രജിസ്‌ട്രേഷൻ പ്രക്രിയയ്ക്കിടയിൽ വിദ്യാർഥികൾക്ക് എപ്പോൾ വേണമെങ്കിലും ഓൺലൈനായി ക്വിസ് നേരിടാവുന്നതാണ്. ഈ ഘട്ടത്തിനൊടുവിൽ പങ്കെടുത്തവർക്ക് ഇ-സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
രണ്ടാം ഘട്ടത്തിൽ, രാജ്യത്തെ അഞ്ച് മേഖലകളായി തിരിച്ച്, ഏപ്രിൽ 27 മുതൽ ഏപ്രിൽ 29 വരെ ഓരോ മേഖലകളിലും നിശ്ചിത സമയങ്ങളിൽ ക്വിസ് സംഘടിപ്പിക്കും.
രണ്ടാം ഘട്ടത്തിൽ ഓരോ മേഖലകളിൽ നിന്നും വിജയിക്കുന്നവർ തമ്മിൽ മെയ് 2ന് (വ്യാഴാഴ്ച) ഡൽഹിയിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ മുഖാമുഖം മത്സരിക്കും. രാജ്യത്തിന്റെ ഓരോ മേഖലകളിൽ നിന്നുള്ള അനേകം പ്രതിനിധികളും പങ്കെടുക്കുന്ന ഫൈനലിൽ കെ-പോപ്, തയ്‌ക്ക്വോണ്ടോ പ്രകടനവും കൊറിയൻ ഭക്ഷ്യ വിഭവങ്ങളും ഹാൻബോക്ക് (കൊറിയൻ പരമ്പരാഗത വസ്ത്രം) വിർച്ച്വൽ റിയാലിറ്റി പ്രദർശനവും ഉൾപ്പെടുത്താനുള്ള ഒരുക്കത്തിലാണ് കൊറിയൻ സാംസ്‌കാരിക കേന്ദ്രം.
മത്സരത്തിൽ വിജയിക്കുന്നവർക്ക് ശ്രദ്ധേയമായ പുരസ്‌കാരങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 2 ലക്ഷം രൂപയാണ്, 1,50,000 രൂപയും 1ലക്ഷം രൂപയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവർക്ക ലഭിക്കുക. ഇതിനു പുറമെ, എല്ലാ പത്ത് സോണൽ ചാമ്പ്യൻസിനും 10,000 രൂപയും പ്രശസ്തി പത്രവും, കെസിസിഐയുടെ രണ്ട് വർഷത്തേക്കുള്ള അംഗത്വവും ലഭിക്കും.