ന്യൂഡൽഹി: അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി ബിഎസ്എഫിന്റെ സീമാ ഭവാനി ശൗര്യ സംഘം ന്യൂഡൽഹിയിൽ നിന്നും കന്യാകുമാരിയിലേക്ക് എംപവർമെന്റ് റൈഡ്-2022 എന്ന പേരിൽ യാത്ര നടത്തും. ബിഎസ്എഫ് സീമാ ഭവാനിയുടെ വനിതകൾ മാത്രമടങ്ങിയ ഡെയർഡെവിൾ മോട്ടോർസൈക്കിൾ സംഘം റോയൽ എൻഫീൽഡുമായി സഹകരിച്ച് നടത്തുന്ന യാത്രയിൽ 36 പേർ പങ്കെടുക്കും. ന്യൂഡൽഹിയിലെ ഇന്ത്യാഗേറ്റിൽ നിന്നും യാത്ര മാർച്ച് 8-ന് ഫ്‌ളാഗ്ഓഫ് ചെയ്യും.ഇൻസ്‌പെക്ടർ ഹിമാൻശു സിറോഹി നയിക്കുന്ന സംഘം വനിതാ ശാക്തീകരണ സന്ദേശവുമായി കന്യാകുമാരിയിലേക്കുള്ള യാത്രയിൽ രാജ്യത്തിലെ വിവിധ നഗരങ്ങൾ സന്ദർശിക്കും. 5280 കിലോമീറ്റർ ദൂരമാണ് സംഘം സഞ്ചരിക്കുന്നത്. 2016-ലാണ് ബിഎസ്എഫ് സീമാ ഭവാനി ശൗര്യ സംഘം പ്രവർത്തനം ആരംഭിക്കുന്നത്. 2018, 2022 വർഷങ്ങളിലെ റിപ്പബ്ലിക് ദിന പരേഡിൽ പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. ന്യൂഡൽഹിയിൽ നിന്നും വാഗാ അതിർത്തി, ഗുജറാത്തിലെ ഏകതാ പ്രതിമ തുടങ്ങിയവ സന്ദർശിക്കുന്ന സംഘം ഒടുവിൽ കന്യാകുമാരിയിൽ നിന്നും ചെന്നൈയിലെത്തി മാർച്ച് 28-ന് യാത്ര അവസാനിപ്പിക്കും.