നെതര്‍ലന്‍ഡ്: ഓയില്‍ പൈപ്പ് ലൈനുകളിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് സംഭവിച്ച മലിനീകരണത്തിന് നാല് നൈജീരിയന്‍ കര്‍ഷകര്‍ക്കും അവരുടെ കര്‍ഷക സമൂഹത്തിനും 16 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാമെന്ന് എണ്ണക്കമ്പനിയായ ഷെല്‍. ഫ്രണ്ട്സ് ഓഫ് എര്ത്ത് എന്ന ഗ്രൂപ്പുമായുള്ള സന്ധി സംഭാഷണത്തിനൊടുവിലാണ് തീരുമാനം. നൈജീരിയയില്‍ വലിയ രീതിയിലുള്ള മലിനീകരണമാണ് ഷെല്‍ സൃഷ്ടിക്കുന്നത്. 2004 മുതല്‍ 2007 വരെയുള്ള എണ്ണ ചോര്‍ച്ചയ്ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്.
അടുത്തിടെയാണ് നൈജീരിയയിലുണ്ടായ നഷ്ടത്തിന് ഷെല്‍ എണ്ണക്കമ്പനി കാരണമായതായി ഡച്ച് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എണ്ണച്ചോര്ച്ച സംഭവിച്ചത് അട്ടിമറി മൂലമെന്നായിരുന്നു ഷെല്‍ കോടതിയില്‍ വാദിച്ചത്. ഈ വർഷം ആദ്യം വരെ ഷെല്ലിന്റെ ആസ്ഥാനം നെതർലൻഡ്‌സിലായിരുന്നു. സംഭവിച്ച മലിനീകരണത്തിന് ഇത്തരത്തില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയ്ക്ക് നിയമപരമായ ഉത്തരവാദിത്തമുണ്ടെന്ന് കണക്കാക്കുന്നത് ഇത് ആദ്യമായാണെന്നായിരുന്നു ഷെല്ലിനെതിരെ കോടതിയിലെത്തിയവര്‍ നേരത്തെ പ്രതികരിച്ചത്. നഷ്ടപരിഹാരം ലഭിക്കുന്ന തുക കൊണ്ട് തങ്ങളുടെ കര്‍ഷക സമൂഹത്തെ വീണ്ടും പടുത്തുയര്‍ത്താമെന്നാണ് ഫ്രണ്ട്സ് ഓഫ് എര്‍ത്തിനൊപ്പം ചേര്‍ന്ന് ഷെല്ലിനെതിരെ നിയമ പോരാട്ടം നടത്തിയ കര്‍ഷക സമൂഹത്തിലെ ഒരാളായ എറിക് ദൂഹ് പ്രതികരിക്കുന്നത്.
നൈജീരിയയിലെ ഒരുമ, ഗോയി, അദ ഉഡോ എന്നീ സമൂഹങ്ങള്‍ക്കാണ് ഈ നഷ്ടപരിഹാരത്തുക ലഭ്യമാകുക. മൂന്ന് സമുദായങ്ങളെ വീണ്ടും പടുത്തുയര്‍ത്താന്‍ പരിഗണിക്കുമ്പോള്‍ ഈ തുക വലിയൊരു സംഖ്യ അല്ലെങ്കില്‍ കൂടിയും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് ആശ്വാസം പകരുന്നതും ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പുനര്‍ ചിന്ത നടത്തുന്നതിനും അവസരമായാണ് തീരുമാനത്തെ അന്തര്‍ദേശീയ തലത്തില്‍ വിലയിരുത്തുന്നത്. തങ്ങളുടെ മണ്ണും, ജലവും നിത്യവൃത്തിക്കുളള വഴികളും എണ്ണ ചോര്‍ച്ച മൂലം മലിനീകരിക്കപ്പെട്ടുവെന്നായിരുന്നു കേസ് ആരംഭിച്ച കര്‍ഷകര്‍ കോടതിയില്‍ വിശദമാക്കിയത്.