വിനോദത്തിനായി കാണികള്‍ ഇന്ന് ആശ്രയിക്കുന്ന പ്രധാന പ്ലാറ്റ്ഫോം ആണ് ഓവര്‍ ദി ടോപ്പ് അഥവാ ഒടിടി. തിയറ്ററുകള്‍ അടച്ചിടപ്പെട്ട കൊവിഡ് കാലത്താണ് ഇന്ത്യയില്‍ ഒടിടി പ്ലാറ്റ്ഫോമുകള്‍ വലിയ നേട്ടമുണ്ടാക്കിയത്. ഇന്ന് ഒരു വിജയ ചിത്രം തിയറ്ററുകളില്‍ കാണുന്നതിനേക്കാളുമധികം പ്രേക്ഷകര്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ കാണാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയില്‍ സമീപകാലത്ത് ഏറ്റവുമധികം ആളുകള്‍ കണ്ട ഒടിടി ഒറിജിനലുകളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ.
സിരീസുകളും സിനിമകളും ഉള്‍പ്പെട്ടതാണ് പ്രസ്തുത ലിസ്റ്റ്. സിരീസ് ആണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് ഒരു എപ്പിസോഡും സിനിമയാണെങ്കില്‍ ഏറ്റവും ചുരുങ്ങിയത് 30 മിനിറ്റും കണ്ടവരെയാണ് പരിഗണിച്ചിരിക്കുന്നത്. മില്യണിലാണ് കണക്കുകള്‍. ഇന്ത്യ മുഴുവനും നിന്നുള്ള കണക്കുകള്‍ ആയതിനാല്‍ ഹിന്ദിയില്‍ ഉള്ളതാണ് സിരീസുകളും സിനിമകളും. ഫെബ്രുവരി 24 മുതല്‍ മാര്‍ച്ച് 2 വരെയുള്ള കണക്ക് അനുസരിച്ചുള്ളതാണ് ലിസ്റ്റ്. ഏക് ബദ്നാം ആശ്രം സീസണ്‍ 3 സിരീസ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. ആമസോണ്‍ എംഎക്സ് പ്ലെയറില്‍ സിരീസ് ആ ഒരാഴ്ച നേടിയിരിക്കുന്നത് 9.6 മില്യണ്‍ കാഴ്ചകള്‍ ആണ്.
ജിയോ ഹോട്ട്സ്റ്റാറിന്‍റെ വെബ് സിരീസ് ആയ ഊപ്സ് അബ് ക്യാ ആണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് സോണി ലിവിന്‍റെ റിയാലിറ്റി ഷോ ആയ ഷാര്‍ക് ടാങ്ക് ഇന്ത്യ സീസണ്‍ 4. നാലാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സിലെ ധൂം ധാം എന്ന സിനിമയാണ്. അഞ്ചാം സ്ഥാനത്ത് ഹോട്ട്സ്റ്റാറിന്‍റെ പവര്‍ ഓഫ് പാഞ്ച് എന്ന ചിത്രം. ആറാം സ്ഥാനത്ത് നെറ്റ്ഫ്ലിക്സ് വെബ് സിരീസ് ഡബ്ബ കാര്‍ടലും ഏഴാം സ്ഥാനത്ത് ഹോട്ട്സ്റ്റാറിലെ കൗഷല്‍ജീസ് വേഴ്സസ് കൗഷല്‍ എന്ന ചിത്രവുമാണ്. എട്ടാമത് ആമസോണ്‍ എംഎക്സ് പ്ലെയറിന്‍റെ സിരീസ് സ്കൂള്‍ ഫ്രണ്ട്സ് സീസണ്‍ 3 ആണ്. ഒന്‍പതാമത് ഹോട്ട്സ്റ്റാര്‍ ചിത്രം ദില്‍ ദോസ്തി ഓര്‍ ഡോഗ്സ് ആണ്. പത്താമത് സീ 5 സിരീസ് ക്രൈം ബീറ്റ് ആണ് ഇടംപിടിച്ചിരിക്കുന്നത്. 2 മില്യണ്‍ ആണ് ക്രൈം ബീറ്റിന്‍റെ ഒരാഴ്ചത്തെ കാണികള്‍.