വാഷിങ്ടൺ: ചൈനയിൽ ജോലി ചെയ്യുന്ന അമേരിക്കൻ സർക്കാർ ജീവനക്കാർക്ക് അവരുടെ കുടുംബാംഗങ്ങൾ, സുരക്ഷാ അനുമതിയുള്ള കരാറുകാർ എന്നിവർക്ക് ചൈനീസ് പൗരന്മാരുമായി പ്രണയ ബന്ധത്തിനും ലൈംഗിക ബന്ധത്തിനും വിലക്കുമായി അമേരിക്ക. അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുതിന്റെ അടിസ്ഥാനത്തിൽ നാലോളം വ്യക്തികൾ ഇക്കാര്യത്തിൽ അന്തർ ദേശീയ വാർത്താ ഏജൻസിയുമായി പ്രതികരിച്ചിട്ടുണ്ട്. യുഎസ് അംബാസിഡർ നിക്കോളാസ് ബേൺസ് ജനുവരിയിൽ ചൈന വിടുന്നതിന് മുൻപായാണ് ഈ നയം നടപ്പിലാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
നേരത്തെ ചില യുഎസ് ഏജൻസികൾ ഇത്തരത്തിലുള്ള ബന്ധങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നുവെങ്കിലും, ഇത്തരത്തിലുള്ള വ്യാപക നിരോധനം വരുന്നത് ശീതയുദ്ധ കാലത്തിന് ശേഷം ആദ്യമാണ് എന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. മറ്റ് രാജ്യങ്ങളിലെ യുഎസ് നയപ്രതിനിധികൾ പ്രാദേശികരുമായി പ്രണയത്തിലാവുന്നതും ബന്ധം വിവാഹത്തിലെത്തുന്നതും അപൂർവ്വമല്ലെന്നിരിക്കെയാണ് ചൈനയെ സംബന്ധിച്ച് ഇത്തരമൊരു നയം നടപ്പിലാക്കുന്നത്. കഴിഞ്ഞ വേനൽക്കാലത്ത് അമേരിക്കൻ ഉദ്യോഗസ്ഥർക്ക് ചൈനയിലെ യുഎസ് എംബസ്സിയിലും അഞ്ച് കോൺസുലേറ്റുകളിലും സുരക്ഷാ ജീവനക്കാരും മറ്റ് സഹായി ജീവനക്കാരായും പ്രവർത്തിക്കുന്ന ചൈനീസ് പൗരന്മാരുമായി പ്രണയമോ ലൈംഗിക ബന്ധമോ സ്ഥാപിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
എന്നാൽ, അംബാസിഡർ ബേൺസ് ഈ നയം വിപുലീകരിച്ച് ജനുവരിയിൽ ഒരു പൂർണ്ണ നിരോധനമായി മാറ്റുകയായിരുന്നുവെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അധികാരമേൽക്കുന്നതിനുമുമ്പായി ആണ് ഇത്തരമൊരു നയം വരുന്നതെന്നും ശ്രദ്ധേയമാണ്. എന്നാൽ പ്രണയപരമായോ ലൈംഗികപരമായോ ബന്ധം എന്നതിനെ കൃത്യമായി നയം വിശദമാക്കിയിട്ടില്ലെന്നാണ് എ പി റിപ്പോർട്ട് ചെയ്യുന്നത്. പുതിയ നയം ബീജിംഗിലെ എംബസിയിലും ഗുവാംഹ്സോ, ഷാംഗ്ഹായ്, ഷെൻയാങ്, വുഹാൻ കോൺസുലേറ്റുകളിലും ബാധകമാണ്.
ഇതിന് പുറമേ ഹോംങ്കോങ്ങിലെ കോൺസുലേറ്റിലും നയം ബാധകമാണ്. എന്നാൽ നേരത്തെ തന്നെ ഇത്തരം ബന്ധത്തിൽ ഏർപ്പെട്ടവർക്ക് പുതിയ നയത്തിൽ നിന്ന് ഇളവ് നേടാനായി അപേക്ഷ സമർപ്പിക്കാനാവുന്നതാണ്. എന്നാൽ ഇളവ് അനുവദിച്ചില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കേണ്ടതായോ അല്ലാത്ത പക്ഷം ജോലി ഉപേക്ഷിക്കേണ്ടതായോ വരുമെന്നാണ് എപിയോട് പ്രതികരിച്ച ഉദ്യോഗസ്ഥർ വിശദമാക്കിയത്. നയം തെറ്റിക്കുന്നവർ ഉടനേ തന്നെ ചൈനയിൽ നിന്ന് പുറത്താവേണ്ടിയും വരും. നയം സംബന്ധിയായ അറിയിപ്പ് അമേരിക്കൻ ജീവനക്കാർക്ക് നൽകിയതായാണ് പുറത്ത് വരുന്ന വിവരങ്ങൾ.