പാരിസ്: പാരിസിൽ നടക്കുന്ന എഐ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണിനൊപ്പം സഹ അദ്ധ്യക്ഷനായി പങ്കെടുക്കും. എഐ രംഗത്തെ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യാനാണ് ഉച്ചകോടി. ഇന്ത്യയിലെയും ഫ്രാൻസിലെയും വ്യവസായികളുടെ യോഗത്തിലും മോദി പങ്കെടുക്കും. രാത്രി മാർസെയിലേക്ക് തിരിക്കുന്ന മോദി അവിടെ വച്ചാകും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തുക. നാളെ മാർസെയിലെ ഇന്ത്യൻ കോൺസുലേറ്റും മോദിയും മക്രോണും ചേർന്ന് ഉദ്ഘാടനം ചെയ്യും. ഇന്നലെ വൈകിട്ട് പാരീസിലെത്തിയ നരേന്ദ്ര മോദിക്ക് വൻ സ്വീകരണമാണ് ഫ്രാൻസ് നല്കിയത്.
പ്രധാന മന്ത്രിയുടെ ദ്വിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎസിൽ ട്രംപുമായുള്ള കൂടിക്കാഴ്ചയും നടക്കും. രണ്ടാം തവണ അധികാരത്തിലേറിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ച്ചയ്ക്കായി ഫെബ്രുവരി 12 ന് മോദി വാഷിംഗ്ടണിലേക്ക് പോകും. ഇതിനു മുന്‍പായി ഇരു നേതാക്കളും ഉഭയകക്ഷി ചർച്ചകൾ നടത്തും.
ഇത്തരത്തിലുള്ള മൂന്നാമത്തെ ഉച്ചകോടിയാണ് പാരിസില്‍ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡൻ്റ് ജെഡി വാൻസ്, ചൈനീസ് വൈസ് പ്രീമിയർ ഷാങ് ഗുവോക്കിംഗ് തുടങ്ങിയ ലോകനേതാക്കളും ഓപ്പൺഎഐയുടെ സാം ആൾട്ട്മാൻ, ഗൂഗിളിൻ്റെ സുന്ദർ പിച്ചൈ തുടങ്ങിയ ആഗോള ടെക് സിഇഒമാരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.