തിരുവനന്തപുരം: സ്വിറ്റ്സർലണ്ടിൽ നിന്നും ഗീതഗോവിന്ദം ചിത്രീകരണത്തിനായി കേരളത്തിൽ എത്തിയ കഥക് നർത്തകി ഡോ. പാലി ചന്ദ്രയും അവരുടെ വിവിധ നാടുകളിൽ നിന്നുള്ള ശിഷ്യകളും പുളിയറക്കോണത്തിന് അടുത്ത് കരമനയാറിന്റെ തുടക്കത്തിലെ പ്രകൃതി ഭംഗി അപൂർവമാണെന്ന് കരുതുന്നു. എന്നാൽ ആറ്റുവഞ്ചിയും ആറ്റിലിപ്പയും ഒക്കെ നിരന്നു നിൽക്കുന്ന പുഴയോരത്തെ പ്ലാസ്റ്റിക് മാലിന്യം അവരെ അമ്പരപ്പിച്ചു. ഡാൻസ് ഷൂട്ടിനായി കുറച്ചുഭാഗം വൃത്തിയാക്കിയ അവർ അന്താരാഷ്ട്ര വനിതാ ദിനത്തിൽ രാവിലെ എട്ടു മുതൽ 11 വരെ പുഴ വൃത്തിയാക്കാൻ തീരുമാനിച്ചു തീരുമാനിച്ചിരിക്കുകയാണ്. വിവരം അറിഞ്ഞ വിളപ്പിൽ പഞ്ചായത്തിൻറെ വനിതാ പ്രസിഡൻറ് ലില്ലി മോഹനും മൈലമൂട് വാർഡിലെ അംഗം സൂസി ബീനയും ഈ ഉദ്യമത്തോട് തങ്ങൾ സർവഥാ സഹകരിക്കാമെന്ന് വാഗ്ദാനം ചെയ്തു.
അങ്ങനെ അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8 രാവിലെ എട്ടുമണി മുതൽ 11 മണിവരെ നൃത്ത വിദ്യാർത്ഥിനികളും തദ്ദേശവാസികളും ചേർന്ന് ഒരു കിലോമീറ്റർ ഓളം ദൂരം പുഴയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പെറുക്കി മാറ്റുകയാണ്. ഭാവിയിൽ കൂടുതൽ ആളുകൾ ഇത് ചെയ്യുവാൻ തങ്ങളുടെ ഇടപെടൽ പ്രേരകം ആകുമെന്ന് വിദ്യാർഥിനികൾ കരുതുന്നു.