മനാമ: സൗദിയില്‍ ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ജിദ്ദയില്‍ ശനിയാഴ്ച രാവിലെ മുതല്‍ അങ്ങിങ്ങായി മഴ പെയ്യുന്നു. പൊതുവെ മൂടി ക്കെട്ടിയ അന്തരീക്ഷമാണ്. ഇടിമിന്നലും കാറ്റുമുണ്ട്. ജിദ്ദക്കു പുറമെ, റാബിഗ്, അല്ലൈത്ത്, ഖുന്‍ഫുദ എന്നിവിടങ്ങളിലും മിതമായ മഴ പ്രതീക്ഷിക്കുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ മദീന, ഖൈബര്‍, യാമ്പു, മക്ക, തായിഫ് എന്നിവടങ്ങളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായി.
പ്രളയ ത്തില്‍ ലോറി ഒഴുക്കില്‍പെട്ട് ജിദ്ദക്കു സമീപം ഇന്ത്യക്കാരന്‍ മരിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് ലൈത്തില്‍ ഗമീഖക്ക് കിഴക്ക് 15 കിലോമീറ്റര്‍ ദൂരെ വാദി മന്‍സിയിലാണ് അഞ്ചു തൊഴിലാളികള്‍ സഞ്ചരിച്ച മിനി ലോറി അപകടത്തില്‍പെട്ടത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ എത്തി നാലു പേരെ രക്ഷപ്പെടുത്തി.
സൗദിയില്‍ ദിവസങ്ങളായ തുടരുന്ന കനത്ത മഴയില്‍ ഇതുവരെ 24 പേര്‍ മരിച്ചു. ജിദ്ദയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു. കഴിഞ്ഞ ദിവസം ശക്തമായ കാറ്റു മൂലം ജിദ്ദ തുറമുഖം രാവിലെ അല്‍പനേരം അടച്ചിട്ടു. മഴയും കാറ്റും വിമാന സര്‍വീസുകളെ ബാധിച്ചില്ല. മദീനയില്‍ പ്രളയത്തില്‍ വ്യാപക നഷ്ടങ്ങളുണ്ടായി. പ്രളയത്തില്‍ കുടുങ്ങിയ നുറോളം പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.
കനത്ത മഴയും മലയിടിച്ചിലും കാരണം തായിഫ്, മക്ക അല്‍കര്‍ (അല്‍ഹദ) റോഡ് അടച്ചു. അല്‍ബാഹയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പ്രളയത്തില്‍ പെട്ട 45 പേരെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. മഴക്കിടെ പ്രവിശ്യയില്‍ 93 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അല്‍ബാഹയിലെ അല്‍ഹജ്റയിലും ബല്‍ജുര്‍ഷിയിലും മൂന്നു പേര്‍ പ്രളയത്തില്‍ മരിച്ചതായും അല്‍ബാഹ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ ജംആന്‍ അല്‍ഗാംദി പറഞ്ഞു.