ന്യൂയോർക്ക്: അമേരിക്കയിൽ അതിശൈത്യത്തിൽ മരണം അറുപത്തിയഞ്ച് കടന്നു.അതിശൈത്യം കടുത്തതോടെ ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഇപ്പോഴും വൈദ്യുതിയില്ലാതെ കഴിയുകയാണ്. മൂന്ന് ഇന്ത്യക്കാരാണ് അമേരിക്കയിലെ അതിശൈത്യത്തില്‍ മരിച്ചത്. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ് മരിച്ചത്. ന്യൂയോര്‍ക്കില്‍ മാത്രം മരണം 28 ആയി. വിമാനങ്ങള്‍ വ്യാപകമായി റദ്ദാക്കുന്നതും തുടരുകയാണ്. രണ്ട് ദിവസം വരെ വിമാനത്താവളങ്ങളില്‍ തുടരേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത കുരുക്കിൽ അകപ്പെട്ട വാഹനങ്ങൾക്ക് അകത്ത് നിന്നും വീടുകൾക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്. പലയിടങ്ങളിലേക്കും രക്ഷാപ്രവർത്തകർക്ക് ഇനിയും എത്തിച്ചേരാൻ ആയിട്ടില്ല. നിരവധി പേർ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കാമെന്ന് ആശങ്കയുണ്ട്. തടസ്സപ്പെട്ട വൈദ്യുതി വിതരണം ഇനിയും പൂർണ തോതിൽ പുനഃസ്ഥാപിക്കാൻ ആകാത്തതിനാൽ പല വീടുകളും ഇരുട്ടിലാണ്. ഇതിനിടെ വീടുകൾക്കകത്ത് താപനില കുറയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. മഞ്ഞുവീഴ്ചയുടെ മറവിൽ വ്യാപക കൊള്ള നടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. കിഴക്കൻ ബഫല്ലോയിൽ ഒരു കട കുത്തിത്തുറന്ന് അരലക്ഷം ഡോളറിന്റെ ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ കവർന്നതായി കടയുടമ പരാതിപ്പെട്ടു. റെയിൽ, റോഡ്, വ്യോമഗതാഗത സംവിധാനങ്ങൾ ഇനിയും പഴയ പടിയായിട്ടില്ല.
അതിശൈത്യത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന ന്യൂയോർക്ക് ഗവർണറുടെ അഭ്യർത്ഥന പരിഗണിച്ചാണ് പ്രസിഡന്റ് ജോ ബൈഡന്റെ നടപടി. ഇതോടെ, ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിടാൻ ന്യൂയോർക്കിന് ഫെഡറൽ സഹായം ലഭിക്കും. കനത്ത മഞ്ഞുവീഴ്ച തുടരുന്ന ന്യൂയോര്‍ക്കിനും ബഫല്ലോ നഗരത്തിനും ആശ്വാസകരമാകും ഈ നടപടിയെന്നാണ് വിലയിരുത്തുന്നത്.