ബെയ്ജിംഗ്: സീറോ കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ചൈനയില്‍ അടുത്തിടെ രണ്ട് കുട്ടികള്‍ മരിച്ചതോടെ ജനരോഷം ശക്തമായി. ചൈനയിലെ പല പ്രവിശ്യകളിലും ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും ഏറ്റുമുട്ടിയതായാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. തെക്കന്‍ ചൈനയിലാണ് പ്രധാനമായും പ്രതിഷേധം ശക്തമായത്. തെക്കന്‍ വ്യാവസായ നഗരമായ ഗ്യാങ് ഷൗവില്‍ ജനക്കൂട്ടവും പൊലീസും ഏറ്റുമുട്ടി.
സെൻട്രൽ സിറ്റിയായ ഷെങ്‌ഷൗവിലെ ഒരു ഹോട്ടലിൽ ക്വാറന്‍റീനിൽ കഴിയവേ ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ട നാല് മാസം പ്രായമുള്ള പെൺകുട്ടിയാണ് ഒടുവില്‍ മരിച്ചത്. അടിയന്തര ചികിത്സയ്ക്കായി കുട്ടിയെ 100 കിലോമീറ്റര്‍ ദൂരയുള്ള ആശുപത്രിയിലെത്തിക്കാന്‍ 11 മണിക്കൂര്‍ വേണ്ടെവന്നെന്ന് കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടിയന്തര സര്‍വ്വീസുകള്‍ തടസപ്പെട്ടതാണ് കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത് വൈകാന്‍ കാരണമായതെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ആഴ്ച വടക്കുപടിഞ്ഞാറൻ മേഖലയിൽ കാർബൺ മോണോക്‌സൈഡ് ശ്വസിച്ചതിനെ തുടര്‍ന്ന് ചികിത്സ കിട്ടാതെ മൂന്ന് വയസുകാരന്‍ മരിച്ചിരുന്നു. ഈ സംഭവത്തിലും അടിയന്തര സര്‍വ്വീസുകള്‍ തടസപ്പെട്ടതാണ് മരണത്തിനിടയാക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതേ തുടര്‍ന്ന് അടിയന്തര സര്‍വ്വീസുകള്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും രണ്ടാമത്തെ കുട്ടി കൂടി മരിച്ചതോടെ പ്രതിഷേധം ശക്തമായി.
ചൈനീസ് പ്രസിഡന്‍റ് ഷി ജിങ് പിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ചൈന സീറോ കൊവിഡ് നയം ശക്തമാക്കിയത്. ഇതേ തുടര്‍ന്ന് ലോകമെങ്ങും കൊവിഡ് ശക്തമായി വ്യാപിച്ചപ്പോള്‍ ചൈനയില്‍ വ്യാപനം കുറഞ്ഞിരുന്നു. എന്നാല്‍, ലോകമെങ്ങും ഇപ്പോള്‍ കൊവിഡ് വ്യാപനത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. ഇതേസമയം ചൈനയില്‍ കൊവിഡ് വ്യാപനം ശക്തമാണ്. ഇതേ തുടര്‍ന്ന് വ്യാപനം രേഖപ്പെടുത്തിയ പ്രദേശങ്ങളില്‍ അടച്ച് പൂട്ടല്‍ നയം ശക്തമാക്കുകയാണ് ചൈന. രോഗവ്യാപനം രേഖപ്പെടുത്തിയ നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ച് പൂട്ടും. എന്നാല്‍, ഇത്തരത്തില്‍ അടച്ച് പൂട്ടലിന് വിധേയമാകുന്ന നഗരത്തിലേക്കുള്ള അടിയന്തര സര്‍വ്വീസുകളും നിഷേധിക്കപ്പെടുകയാണെന്നും ഇത് ഭക്ഷണവും വെള്ളവും അടക്കമുള്ള അടിയന്തര സര്‍വ്വീസുകളുടെ അഭവം ശക്തമാക്കുന്നുവെന്നും ജനങ്ങള്‍ ജനപ്രിയ സിന വെയ്‌ബോ എന്ന സാമൂഹിക മാധ്യമങ്ങളില്‍ പരാതിപ്പെടുന്നു.