ലോകത്തെ തന്നെ ഏഴാമത്തെ ശസ്ത്രക്രിയ അന്താരാഷ്ട്ര ജേർണലുകളിൽ ഉടൻ റിപ്പോർട്ട് ചെയ്യും
തിരുവനന്തപുരം: ട്യൂമർ നീക്കം ചെയ്യുന്നതിനായുള്ള ലോകത്തെ ഏഴാമത്തേതും അത്യപൂർവവുമായ ഉദര ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി പൂർത്തീകരിച്ചു. അതികഠിനമായ വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ 48 കാരിയായ രോഗിയ്ക്കാണ് ശസ്ത്രക്രിയ നടത്തിയത്. പരിശോധനയിൽ ശരീരത്തിന്റെ പിൻഭാഗത്ത് ഇടുപ്പ് ഭാഗത്തെ കവാടമായ സയാറ്റിക് ഫൊറാമനിലൂടെ തള്ളി വരുന്ന മുഴയാണ് രോഗകാരണമെന്ന് കണ്ടെത്തി. മുഴ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അത്യപൂർവമാണ്. എന്നാൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവീന ചികിത്സാ സംവിധാനങ്ങൾ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കെല്പുള്ളവയാണെന്ന് ഉത്തമ ബോധ്യമുള്ള ഡോക്ടർമാർ ശസ്ത്രക്രിയ നടത്താൻ തീരുമാനിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ശസ്ത്രക്രിയ നടന്നു. കാലിന്റെ ചലന ശേഷിയിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഞരമ്പായ ഷിയാറ്റിക് നെർവിനോടു ചേർന്നാണ് മുഴ സ്ഥിതി ചെയ്തിരുന്നത്. അതുകൊണ്ടു തന്നെ ഞരമ്പിന് കേടു പറ്റാതെ അതീവ ജാഗ്രതയോടെയാണ് സർജറി നടന്നത്. അതിനായി രോഗിയെ പലതവണ തിരിച്ചും മറിച്ചും കിടത്തേണ്ടിയും വന്നു. ട്യൂമറിനെ രണ്ടായി മുറിച്ചാണ് പുറത്തെടുത്തത്. ട്യൂമറിന്റെ ഒരു വശം എട്ടു സെന്റീമീറ്ററും മറുഭാഗം നാലു സെന്റീമീറ്ററുമായിരുന്നു വലിപ്പം. എട്ടുമണിക്കൂർ സമയമെടുത്താണ് ശസ്ത്രക്രിയ നടത്തിയത്.
ജനറൽ സർജറി വിഭാഗത്തിലെ ഡോക്ടർമാർ ഗ്ലൂട്ടിയൽ ലൈപ്പോ സാർക്കോമാ ഹെർണിയേറ്റിംഗ് ത്രൂ സയാറ്റിക് ഫൊറാമൻ എന്ന പേരിലറിയപ്പെടുന്ന ലോകത്തെ ഏഴാമത്തെ ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്യുകയായിരുന്നു.
വയറിന്റെ ഉൾഭാഗവും തുടയുടെ മുകൾ
ഭാഗവും തുറന്നാണ് മുഴ പുറത്തെടുത്തത്. രോഗി സുഖം പ്രാപിച്ചുവരുന്നു. മെഡിക്കല്‍ കോളേജ് സര്‍ജറി യൂണിറ്റ് ഒന്ന് വകുപ്പുമേധാവി ഡോ അബ്ദുള്‍ ലത്തീഫിന്‍റെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടന്നത്. ഡോ സന്തോഷ് കുമാര്‍, ഡോ സംഗീത്, ഡോ അശ്വിന്‍, ഡോ സജിന്‍, ഡോ ഇന്ദിര എന്നിവരടങ്ങുന്ന സംഘമാണ് ശസ്ത്രക്രിയയില്‍ പങ്കാളികളായത്. അനസ്തേഷ്യാ വിഭാഗത്തില്‍ നിന്നും ഡോ ദീപ, ഡോ സന്ധ്യ എന്നിവരും ശസ്ത്രക്രിയയിൽ സഹായികളായി ഉണ്ടായിരുന്നു. ശസ്ത്രക്രിയയുടെ പ്രാധാന്യം ഉള്‍ക്കൊണ്ട് അന്താരാഷ്ട്ര ജേര്‍ണലുകളില്‍ റിപ്പോര്‍ട്ട്ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. ആരോഗ്യ മന്ത്രി വീണാ ജോർജ് മുൻ കൈയെടുത്ത് നടപ്പാക്കിയ ആധുനിക ചികിത്സാ സൗകര്യങ്ങളാണ് അത്യപൂർവ ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർക്ക് പ്രേരക ശക്തിയായത്.
ചിത്രം: രോഗിയുടെ ശരീരത്തിൽ നിന്ന് ട്യൂമർ നീക്കം ചെയ്യാനുള്ള അത്യപൂർവ ശസ്ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്നപ്പോൾ