ജക്കാർത്ത (ഇന്തോനേഷ്യ) : കിഴക്കൻ പാപുവ ന്യൂ ഗിനിയിൽ ഞായറാഴ്ച 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി പ്രദേശവാസികൾ റിപ്പോർട്ട് ചെയ്തു. ഭൂചലനം റിപ്പോർട്ട് ചെയ്ത യുഎസ് ജിയോളജിക്കൽ സർവേ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ഭീഷണി നീങ്ങിയതായി അറിയിച്ചു.
എന്നാൽ ചില തീരപ്രദേശങ്ങളിൽ ഇപ്പോഴും ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. പപ്പുവ ന്യൂ ഗിനിയയുടെ ചില ഭാഗങ്ങളിൽ വൈദ്യുതി തകരാറുകളും കെട്ടിടങ്ങൾക്ക് കേടുപാടുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള പട്ടണങ്ങൾ മുതൽ ഏകദേശം 300 മൈൽ (480 കിലോമീറ്റർ) അകലെയുള്ള പോർട്ട് മോറെസ്ബിയുടെ തലസ്ഥാനം വരെ വ്യാപകമായി ഭൂമികുലുക്കം അനുഭവപ്പെട്ടു.
കിഴക്കൻ ഹൈലാൻഡ് പട്ടണമായ ഗൊറോക്കയിലെ ഒരു സർവ്വകലാശാലയ്ക്ക് കേടുപാടുകൾ സംഭവിച്ചതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഭൂചലനത്തിൽ ഭിത്തികളിൽ വലിയ വിള്ളലുകൾ സംഭവിച്ചിട്ടുണ്ട്. ജനാലകൾ വീണു. മുൻ ഭൂചലനങ്ങളേക്കാൾ വളരെ ശക്തമായിരുന്നു ഇത്തവണത്തേതെന്നാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിന് ഏറ്റവും അടുത്തുള്ള ലെയിലും മഡംഗിലുമുള്ള പ്രദേശവാസികൾ എഎഫ്‌പിയോട് പറഞ്ഞത്.