ബീജിംഗ് : ചൈനയിൽ ഇന്നലെയുണ്ടായശക്തമായ ഭൂചലനത്തിൽ തിങ്കളാഴ്ച 46 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തെക്കുപടിഞ്ഞാറൻ സിചുവാൻ പ്രവിശ്യയിലെ ലുഡിംഗ് കൗണ്ടിയിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളിലും അഭൂതപൂർവമായ വരൾച്ചയിലും ചൈനയിൽ മരണസംഖ്യ കൂടുന്നതിനിടെയാണ് ഭൂചലനം.
46 പേർ കൊല്ലപ്പെടുകയും 50 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇയിനും ഉയർന്നേക്കുമെന്നാണ് സംശയം.
ഭൂചലനത്തിൽ വെള്ളം, വൈദ്യുതി, ഗതാഗതം, ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും തകർന്നു.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12:25 ന് ഉണ്ടായ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം 29.59 ഡിഗ്രി വടക്കൻ അക്ഷാംശത്തിലും 102.08 ഡിഗ്രി കിഴക്കൻ രേഖാംശത്തിലും 16 കിലോമീറ്റർ ആഴത്തിലാണെന്ന് ചൈനീസ് ഭൂചലന നെറ്റ്‌വർക്ക് സെന്ററിനെ ഉദ്ധരിച്ച് സർക്കാർ നടത്തുന്ന ന്യൂസ് ഏജൻസിയായ സിൻഹ്വ റിപ്പോർട്ട് ചെയ്യുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ലുഡിംഗിൽ നിന്ന് 39 കിലോമീറ്റർ അകലെയാണ്, കൂടാതെ പ്രഭവകേന്ദ്രത്തിന് ചുറ്റും 5 കിലോമീറ്റർ പരിധിക്കുള്ളിൽ നിരവധി ഗ്രാമങ്ങളുമുണ്ട്.