കൊളംബോ: സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും രൂക്ഷമായിരിക്കുന്ന ശ്രീലങ്കയില്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നടത്താന്‍ പാര്‍ലമെന്റ്. ജൂലൈ 20 നു വോട്ടെടുപ്പ് നടത്തുമെന്നും നിലവിലെ പ്രസിഡന്റ് ഗോതബയ രജപക്‌സെ ഈ ബുധനാഴ്ച രാജി വെക്കുമെന്നും പാര്‍ലമെന്റ് സ്പീക്കര്‍ മഹീന്ദ യാപ അഭയ്‌വര്‍ധന വ്യക്തമാക്കി. സ്പീക്കറുടെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായത്.
”ഇന്ന് നടന്ന പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍, ഭരണഘടനയ്ക്ക് അനുസൃതമായി ഒരു പുതിയ സര്‍വകക്ഷി സര്‍ക്കാര്‍ നിലവില്‍ വരേണ്ടത് അനിവാര്യമാണെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
സര്‍വകക്ഷി സര്‍ക്കാരിനെ നിയമിക്കുന്നതിനായി പ്രധാനമന്ത്രിയും മന്ത്രിസഭയും രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഭരണകക്ഷി അറിയിച്ചിട്ടുണ്ട്” അഭയ്‌വര്‍ധന പ്രസ്താവനയില്‍ പറഞ്ഞു.
225 അംഗ പാര്‍ലമെന്റില്‍ അംഗങ്ങളായവരില്‍ നിന്നും ജൂലൈ 19ന് നോമിനേഷനുകള്‍ സ്വീകരിക്കും. ഇതിന് ശേഷമായിരിക്കും ജൂലൈ 20ന് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന നടപടിയിലേക്ക് കടക്കുക. വ്യാഴാഴ്ചക്കുള്ളില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മന്ത്രിസഭയും സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം നടത്താനാണ് സമരക്കാരുടെ നീക്കം.
അതേസമയം ശനിയാഴ്ച ഗോതബയ രജപക്‌സെയുടെ വസതിയിലേക്ക് ആയിരക്കണക്കിന് വരുന്ന പ്രതിഷേധക്കാര്‍ ഇരച്ചുകയറിയത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വാര്‍ത്തയായിരുന്നു. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് റനില്‍ വിക്രമസിംഗെ നേരത്തെ രാജി വെച്ചിരുന്നു. സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടിയായിരുന്നു വിക്രമസിംഗെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചത്.ഇദ്ദേഹത്തിന്റെ സ്വകാര്യ വസതിക്കും പ്രതിഷേധക്കാര്‍ തീകൊളുത്തിയിരുന്നു.നിലവില്‍ റനില്‍ വിക്രമസിംഗെയും ഗോതബയ രജപക്‌സെയും എവിടെയാണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.