തിരുവനന്തപുരം : ലോക കേരള സഭയുടെ സമാപന ദിവസം കേരളം കേട്ടത് പ്രവാസ ജീവിതത്തിന്‍റെ പൊള്ളുന്ന യാഥാര്‍ത്ഥ്യം. എറണാകുളം ഇടപ്പള്ളി സ്വദേശി എലിസബത്ത് ജോസഫ് എന്ന അറുപതുകാരി ലോക കേരളസഭയുടെ പടികള്‍ ചവിട്ടിയെത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിരുന്നില്ല കനലെരിയുന്ന ജീവിതകഥ മനസ്സിനെ ഇത്രയേറെ അസ്വസ്ഥമാക്കുമെന്ന്. എലിസബത്തിന്‍റെ ജീവിത പോരാട്ടത്തിന് ബിഗ് സല്യൂട്ട് നല്‍കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി അവരെ ചേര്‍ത്ത് പിടിച്ചു. പിന്നാലെ ലോകകേരളസഭയിലെത്തിയ നിരവധി പേര്‍ ആശ്വാസവാക്കുകളുമായി എലിസബത്തിന്‍റെ അടുക്കലെത്തി.
1991ല്‍ ഖത്തറില്‍ ഒരു അറബിയുടെ വീട്ടില്‍ ജോലിക്കാരിയായി പ്രവാസജീവിതം തുടങ്ങുന്പോള്‍ നല്ലൊരു ജീവിത സാഹചര്യം നാട്ടിലുണ്ടാക്കുക എന്ന് മാത്രമായിരുന്നു എലിസബത്തിന്‍റെ ആഗ്രഹം. എന്നാല്‍ ജീവിതത്തിന്‍റെ സുവര്‍ണ്ണകാലം കൊതിച്ച എലിസബത്തിന് ലഭിച്ചത് ദുരിതകാലമായിരുന്നു. ഉറപ്പ് നല്‍കിയ ശന്പളം കിട്ടിയില്ല. മിക്കപ്പോഴും അറബിയുടെ വീട്ടിലെ എച്ചില്‍ കഴിക്കേണ്ട ഗതികേടായിരുന്നു. വീട്ടുടമസ്ഥന്‍റെ മര്‍ദ്ദവനും നേരിടേണ്ടിവന്നു. രണ്ട് കൊല്ലത്തെ പ്രവാസ ജീവിതത്തില്‍ നിന്ന് എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ടു. കുടുംബം പ്രാരാബ്ധങ്ങള്‍ വീണ്ടും എലിസബത്തിനെ പ്രവാസത്തിലേയ്ക്ക് തള്ളിവിട്ടു.
പിന്നീട് ഒമാനിലേക്കാണ് എത്തിയത്. ചിക്കന്‍പോക്സ് പിടിപെട്ടപ്പോള്‍ പോലും വീട്ടുടമ കരുണ കാണിച്ചില്ല. ശന്പളത്തില്‍ നിന്ന് ചികിത്സച്ചെലവിന്‍റെ പേരില്‍ തുക കുറച്ചു. വിശപ്പും ദാഹവും പൂര്‍ണ്ണമായി ശമിപ്പിക്കാന്‍ ഒരുസമയത്തും എലസബത്തിന് അവസരമുണ്ടായില്ല. എച്ചില്‍തൊട്ടിയില്‍ നിന്ന് പിന്നെയും വിശപ്പടക്കേണ്ടി വന്നു. തുപ്പിവെച്ചതു ചവറ്റുകൊട്ടയില്‍ തള്ളിയതുമൊക്കെയായിരുന്നു ഭക്ഷണം. അവിടെനിന്നും രക്ഷപ്പെട്ട് ഒരു മലയാളിയുടെ കടയില്‍ അഭയം തേടിയതോടെയാണ് നല്ലൊരു ജോലി തരപ്പെട്ടതെന്നും എലിസബത്ത് ലോകകേരള സഭയില്‍ വിവരിച്ചു.
മുപ്പത് വര്‍ഷത്തിലധികം നീണ്ട എലിസബത്തിന്‍റെ ദുരിതപൂര്‍ണ്ണമായ പ്രവാസജീവിതം ലോകകേരള സഭയില്‍ നൊന്പരക്കാഴ്ചയായി. പോരാട്ടത്തിന്‍റെ ചിഹ്നമായി മാറിയ എലിസബത്തിനെ ലോക കേരള സഭയില്‍ ആദ്യം ചേര്‍ത്ത് പിടിച്ചത് എം എ യൂസഫലി. യൂസഫലിയെ കാണാനായതിന്‍റെ സന്തോഷത്തിലായിരുന്നു എലിസബത്ത്.
എലിസബത്തിനരികെ ആശ്വാസവാക്കുകളുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജും, സ്പീക്കര്‍ എം ബി രാജേഷും ഉള്‍പ്പെടെയുള്ളവരുമെത്തിയിരുന്നു.