ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കമ്മ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഐഎസ്‌സിഎയുടെ കൊച്ചി, ബംഗലൂരു കാമ്പസുകളില്‍ ലഭ്യമാക്കും
കൊച്ചി: അന്താരാഷ്ട്രതലത്തില്‍ ബ്രിട്ടീഷ് വിദ്യാഭ്യാസവും നൈപുണ്യ കോഴ്സുകളും നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന്റെ (ഐഎസ്ഡിസി) കീഴിലുള്ള ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് ക്രിയേറ്റീവ് ആര്‍ട്ട് (ഐസെ്‌സിഎ) യുകെയിലെ ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയുമായി (എല്‍ജെഎംയു) കൈകോര്‍ക്കുന്നു.
ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ മേഖലയില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച അവസരങ്ങള്‍ ഒരുക്കുകയാണ് പങ്കാളിത്തത്തിന്റെ ലക്ഷ്യം. പുതിയ സഹകരണത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റിയുടെ അംഗീകാരമുള്ള കമ്മ്യൂണിക്കേഷന്‍ ഡിസൈനില്‍ ബിരുദ, ബിരുദാനന്തര കോഴ്സുകള്‍ ഐഎസ്ഡിസിയുടെ ക്രിയേറ്റീവ് വിദ്യാഭ്യാസ വിഭാഗമായ ഐഎസ്‌സിഎയിലൂടെ പഠിക്കാന്‍ സാധിക്കും. ഐഎസ്‌സിഎയുടെ കൊച്ചി, ബംഗലൂരു കാമ്പസുകളിലാണ് കോഴ്‌സുകള്‍ ലഭ്യമാക്കുക. വെസ്റ്റ് ഓഫ് സ്‌കോട്ട്ലാന്‍ഡ് യൂണിവേഴ്സിറ്റി അംഗീകൃത ന്യൂ മീഡിയ ആര്‍ട്ട് ആന്‍ഡ് ക്രിയേറ്റീവ് മീഡിയ പ്രാക്ടീസ് കോഴ്സുകളും ഐഎസ്‌സിഎ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുന്നുണ്ട്.
പങ്കാളിത്ത പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ബാംഗ്ലൂരില്‍ നടന്ന ചടങ്ങില്‍ കര്‍ണാടക ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. അശ്വത് നാരായണ്‍, ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ജോ യാട്സ് തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശിയ വിദ്യാഭ്യാസ നയം 2020 ന്റെ ഭാഗമായി രാജ്യത്തെ വിദ്യാഭ്യാസ രംഗത്തെ അന്തര്‍ദേശീയവല്‍ക്കരണത്തിന് അനുകൂലമായ അന്തരീക്ഷം ഒരുക്കുവാന്‍ സാധിച്ചുവെന്നും ഇതിലൂടെ ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പരസ്പരം വൈദഗ്ധ്യം തിരിച്ചറിയുന്നതിനും സഹകരിക്കുവാനുമുള്ള അവസരമൊരുങ്ങിയെന്നും മന്ത്രി ഡോ. അശ്വത് നാരായണ്‍ പറഞ്ഞു. ഇത്തരം സഹകരണത്തിലൂടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു.
ബാംഗ്ലൂര്‍ ഡിസൈന്‍ ഡിസ്ട്രിക്റ്റ്, ബാംഗ്ലൂര്‍ ഡിസൈന്‍ ഫെസ്റ്റിവല്‍ തുടങ്ങിയ പദ്ധതികളുടെ പശ്ചാത്തലത്തില്‍ രൂപകല്പനക്കും കലകള്‍ക്കുമായി എല്‍ജെഎംയുവിനൊപ്പം ഇന്ത്യയില്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതില്‍ ഐഎസ്ഡിസി സന്തുഷ്ടരാണെന്നും ഇതിനായി തങ്ങള്‍ക്ക് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കാന്‍ സാധിക്കുമെന്നും ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് ഡെവലപ്പ്മെന്റ്) ടോം ജോസഫ് പറഞ്ഞു. യുകെയിലെ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് വരാനും രാജ്യത്തെ തങ്ങളുടെ പങ്കാളിത്തമുളള യൂണിവേഴ്സിറ്റികളില്‍ പഠിക്കാനുള്ള സാഹചര്യവും പുതിയ പങ്കാളിത്തത്തിലൂടെ സാധ്യമാകും. കൂടാതെ, മറ്റു കോഴ്സുകളിലേക്കും സഹകരണം വര്‍ദ്ധിപ്പിക്കുവാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ യുജിസി നിയന്ത്രണങ്ങളുടെയും വിദ്യാഭ്യാസ മന്ത്രിയുടെ സമീപകാല യുകെ സന്ദര്‍ശനത്തിന്റെയും പശ്ചാത്തലത്തില്‍ യുകെയിലെ ഐഎസ്ഡിസിയുടെ പല പാര്‍ട്ട്ണര്‍ സര്‍വകലാശാലകളും ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റി ഇന്റര്‍നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനുമായി സഹകരിച്ച് കൊച്ചിയിലെ കാമ്പസില്‍ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പങ്കാളിത്തത്തിലൂടെ ഐഎസ്ഡിസിയും എല്‍ജെഎംയു-വും വാഗ്ദാനം ചെയ്യുന്ന മികച്ച അധ്യാപന-പഠന അന്തരീക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുമെന്നും ലിവര്‍പൂള്‍ ജോണ്‍ മൂര്‍സ് യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. ജോ യാട്സ് പറഞ്ഞു. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ച് ഇന്ത്യയിലെ സ്ഥാപനങ്ങളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുന്നതിനായി ഇന്റര്‍ ഡിസിപ്ലിനറി ഗവേഷണം, വ്യവസായിക ബന്ധം, അന്താരാഷ്ട്രവല്‍ക്കരണം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. സഹകരണത്തിലൂടെ ഈ ലക്ഷ്യം നിറവേറ്റാന്‍ സാധിക്കും. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള യുകെ സര്‍വ്വകലാശാലകളുടെ ദീര്‍ഘകാലമായിട്ടുള്ള സഹകരണം ഇരു രാജ്യത്തിന്റെയും സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരവും വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും മികച്ച നേട്ടങ്ങള്‍ക്കും വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.