കറാച്ചി: അഫ്ഗാൻ അതിർത്തിയിൽ നടന്ന വെടിവെപ്പിൽ മൂന്ന് പാകിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടു. ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെ ഉത്തര വസീറിസ്ഥാനിലാണ് സംഭവം. അതിർത്തിക്കപ്പുറത്തുനിന്ന് തീവ്രവാദികളാണ് ആദ്യം വെടിയുതിർത്തത്. പാകിസ്ഥാൻ സൈനികർ നടത്തിയ തിരിച്ചടിയിൽ അഫ്ഗാൻ തീവ്രവാദികൾക്കും കാര്യമായ ആൾനാശം ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഈ അക്രമണത്തോടെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെടുന്ന പാക് സൈനികരുടെ എണ്ണം നൂറുകവിഞ്ഞു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു തീവ്രവാദ സംഘടനയും ഏറ്റെടുത്തിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഈ പാകിസ്ഥാൻ അതിര്‍ത്തിയിൽ അഫ്ഗാൻ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദികൾ തുടര്‍ച്ചയായി ആക്രമണം നടത്തുകയാണ്. ഈ മാസം ആദ്യം വടക്കൻ വസീറിസ്ഥാൻ ജില്ലയിൽ തീവ്രവാദികൾ വാഹനം ആക്രമിച്ചതിനെ തുടർന്ന് ഏഴ് പാക് സൈനികർ കൊല്ലപ്പെട്ടിരുന്നു.
ഈ വർഷം മാർച്ചിൽ അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ നിന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ നാല് സൈനികരും ഇതേ മേഖലയിൽ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ കേന്ദ്രീകരിച്ച് പാകിസ്ഥാനെതിരെ തീവ്രവാദ സംഘങ്ങൾ ആക്രമണം നടത്തുന്നത് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ വരെ ബാധിക്കുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഇക്കാര്യത്തിൽ താലിബാൻ ഭരണകൂടത്തിന് പാകിസ്ഥാൻ കടുത്ത പ്രതിഷേധം അറിയിച്ചിട്ടുണ്ട്.