ദില്ലി: അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില കുതിച്ചുയരുന്നു. എട്ട് വർഷങ്ങൾക്ക് ശേഷം ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 90 ഡോളർ കടന്നു. 2014 ന് ശേഷം ഇതാദ്യമായാണ് വില 90 ഡോളർ കടക്കുന്നത്. ഒരു മാസം മുമ്പ് വില 75 ഡോളർ മാത്രമായിരുന്നു വില. 30 ദിവസത്തിൽ 15 ഡോളർ വർധനയാണ് ഉണ്ടായത്. ഇന്നലെ മാത്രം എണ്ണ വിലയിൽ രണ്ടു ശതമാനം വർധന ആഗോള വിപണിയിൽ ഉണ്ടായി.
യുക്രൈൻ സംഘർഷം, യു എ ഇയ്ക്ക് നേരെയുള്ള ഹൂതി ആക്രമണ ഭീഷണി എന്നിവയെല്ലാം വില വർധനയ്ക്ക് കാരണമാകുന്നുണ്ട്. കഴിഞ്ഞ വർഷം ജനുവരിയിൽ ബ്രെന്‍റ് ക്രൂഡ് വില 55 ഡോളർ ആയിരുന്നു. ഒറ്റ വർഷത്തിൽ 35 ഡോളർ വർധന ഉണ്ടായി. അതേ സമയം ഇന്ത്യയിൽ കഴിഞ്ഞ 83 ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയാണ്. നവംബർ 4 ന് കേന്ദ്രം നികുതി കുറച്ച ശേഷം പെട്രോൾ, ഡീസൽ വില രാജ്യത്ത് മാറിയിട്ടില്ല. പുതിയ സാഹചര്യത്തിൽ ഇന്ത്യയിലെ എണ്ണവിലയിൽ എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം.