പന്നിയുടെ ഹൃദയം മനുഷ്യശരീരത്തിലേക്ക് മാറ്റിവച്ച് പുതുചരിത്രം കുറിച്ച് അമേരിക്കയിലെ മേരിലാൻഡ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഡോക്ടർമാർ. 57 കാരനായ ഡേവിഡ് ബെന്നറ്റ് എന്ന രോഗിയിലാണ് പന്നിയുടെ ഹൃദയം മാറ്റിവച്ചത്. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഇതിനായി ഉപയോഗിച്ചത്. ശസ്ത്രക്രിയയ്‌ക്ക് ശേഷം ബെനറ്റ് സുഖം പ്രാപിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.മൂന്ന് ദിവസം മുൻപാണ് ശസ്ത്രക്രിയ നടന്നത്. സാധാരണപോലെ ഈ ഹൃദയം പ്രവര്‍ത്തിക്കുന്നുവെന്നും മുന്‍പ് ഒരിക്കലും സംഭവിക്കാത്താണ് ഇവിടെ നടന്നത് – ഓപ്പറേഷന് നേതൃത്വം നല്‍കിയ മെഡിക്കൽ സെന്‍ററിലെ കാർഡിയാക് ട്രാൻസ്പ്ലാന്‍റ് പ്രോഗ്രാം ഡയറക്ടർ ഡോ. ബാർട്ട്ലി ഗ്രിഫിത്ത് പറഞ്ഞു.
ഏഴ് മണിക്കൂർ നീണ്ട സങ്കീർണ്ണമായ ശസ്ത്രക്രിയക്കൊടുവിലാണ് പരീക്ഷണം വിജയിച്ചത്. ഇതോടെ ജനിതകമാറ്റം വരുത്തിയ മൃഗത്തിന്റെ ഹൃദയത്തിന് മനുഷ്യ ശരീരത്തിൽ ഉടനടി പ്രവർത്തിക്കാൻ കഴിയുമെന്ന് പരീക്ഷണം തെളിയിച്ചതായി അധികൃതർ പറഞ്ഞു. അടുത്ത കുറച്ച് ആഴ്‌ച്ചകൾ വളരെ നിർണ്ണായകമാണെന്നും ഡോക്ടർമാർ പറഞ്ഞു.
ബെനറ്റിനായി മനുഷ്യ ഹൃദയം ലഭിക്കാൻ ദിവസങ്ങളോളം കാത്തുനിന്നെങ്കിലും ലഭിച്ചില്ല. ഒന്നുകിൽ മരിക്കുക, അല്ലെങ്കിൽ ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം ഉടൻ തന്നെ ട്രാൻസ്പ്ലാന്റ് ചെയ്യുക എന്ന വഴിമാത്രമെ മുന്നിലുണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹത്തിന്റെ മകൻ പറഞ്ഞു.അതേ സമയം 57കാരനായ ഡേവിഡ് ബെന്നറ്റിന്‍റെ ആരോഗ്യനില വളരെ ശ്രദ്ധപൂര്‍വ്വം നിരീക്ഷിക്കുകയാണ് മേരിലാൻഡ് മെഡിക്കൽ സെന്‍ററിലെ വിദഗ്ധ സംഘം.