2008 ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പനയും ഉപഭോഗവും തടയാൻ കടുത്ത നടപടിയുമായി ന്യൂസിലൻഡ്. ചെറുപ്രായത്തിലുള്ളവര്‍ പുകവലി ഉപയോഗിക്കില്ല എന്നത് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് പരാമര്‍ശത്തോടെയാണ് ആരോഗ്യമന്ത്രി ഡോക്ടര്‍ ആയിഷ വെരാല്‍ 2008ന് ശേഷം ജനിച്ചവര്‍ക്ക് പുകയില ഉപയോഗം വിലക്കി ഉത്തരവിറക്കുന്നത്. സിഗരറ്റ് വില്‍പനയ്ക്ക് അനുമതിയുള്ള കടകളുടെ എണ്ണത്തില്‍ കുറവ് വരുത്തും. ഗ്രോസറി സ്റ്റോറുകളില്‍ നിന്നും സമാനമായ മറ്റുകടകളില്‍ നിന്നുമുള്ള വില്‍പന നിരോധിക്കും. 2024മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാവുക. പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളുടെ എണ്ണം 8000ല്‍ നിന്ന് 500 ആയി ചുരുങ്ങും.2025ഓളെ രാജ്യത്തെ നിക്കോട്ടിന്‍ അളവില്‍ കുറവുണ്ടാകും. 2027ഓടെ പുകവലിക്കാത്ത ഒരു തലമുറയുണ്ടാവുമെന്നുമാണ് സര്‍ക്കാര്‍ വിശദമാക്കുന്നത്. പുകയില ഉപയോഗത്തില്‍ കുറവു വരുത്താന്‍ ഇത്തരം കടുത്ത നിലപാടിലേക്ക് പോവുന്ന ആദ്യത്തെ രാജ്യമാണ് ന്യൂസിലാന്‍ഡ്. 2027ല്‍ പതിനാല് വയസിന് താഴെയുള്ള ഒരാള്‍ക്ക് പോലും സിഗരറ്റ് അടക്കമുള്ള പുകയില ഉല്‍പ്പന്നങ്ങള് ലഭ്യമാകാതെയുള്ള സാഹചര്യമാണ് സൃഷ്ടിക്കുന്നത്.
2022അവസാനത്തോടെ നിയമം പ്രാബല്യത്തില്‍ വരുത്തി തുടങ്ങും. വര്‍ഷം തോറും 5000 പേര്‍ പുകവലി മൂലം ന്യൂസിലാന്‍ഡില്‍ മരണപ്പെടുന്നതായാണ് കണക്കുകള്‍ വിശദമാക്കുന്നത്. പുകവലിക്കുന്നവരില്‍ അഞ്ചില്‍ നാലുപേരും 18ന് മുന്‍പ് പുകവലി തുടങ്ങിയതായാണ് കണക്കുകള്‍ കാണിക്കുന്നത്. പുകവലിക്ക് പകരം ഉപയോഗിക്കുന്ന മറ്റ് മയക്കുമരുന്ന് ഉപയോഗങ്ങളിലും സര്‍ക്കാരിന്‍റെ പിടി ഉടന്‍ വീഴുമെന്നാണ് ന്യൂസിലാന്‍ഡ് സര്‍ക്കാര് വ്യക്തമാക്കുന്നത്.