കോവിഡ് 19 വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ വ്യാപനം പ്രതിരോധിക്കുന്നതിനായി വിദേശത്ത് നിന്നെത്തുന്നവര്‍ക്കായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ യാത്രയ്ക്ക് മുന്‍പായി അവസാന 14 ദിവസം നടത്തിയ യാത്രാവിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്വയം സാക്ഷ്യപത്രം, യാത്രയുടെ 72 മണിക്കൂര്‍ മുന്‍പ് നടത്തിയ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് റിപ്പോര്‍ട്ട് എന്നിവ സുവിധ പോര്‍ട്ടലില്‍ അപ് ലോഡ് ചെയ്യണം. ഈ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ ആധികാരികത ഉറപ്പാക്കുന്ന സ്വയം സാക്ഷ്യപത്രം യാത്രികര്‍ നല്‍കണം. പരിശോധനയില്‍ കൃത്രിമം കാണിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നടപടി സ്വീകരിക്കും.
സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ എത്തുമ്പോഴും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. രോഗലക്ഷണങ്ങളില്ലാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ പരിശോധനകളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പരിശോധനയില്‍ പോസിറ്റീവാകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷന്‍ സൗകര്യമുള്ള തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സ നല്‍കും. വൈറസിന്‍റെ ജനിതക പരിശോധനയില്‍ ഒമിക്രോണ്‍ വകഭേദം നെഗറ്റീവായാല്‍ ഫിസിഷ്യന്‍റെ നിര്‍ദ്ദേശപ്രകാരം ഡിസ്ചാര്‍ജ് ചെയ്യും.
ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചാല്‍ പരിശോധനാഫലം നെഗറ്റീവാകുന്നതുവരെ റൂം ഐസൊലേഷനില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തും. പരിശോധനാഫലം നെഗറ്റീവായവര്‍ തുടര്‍ന്നുള്ള ഏഴ് ദിവസങ്ങളില്‍ വീടുകളില്‍ കര്‍ശനമായ ക്വാറന്‍റെയിനില്‍ കഴിയണം. എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ഇതിനായി പരമാവധി മൊബൈല്‍ പരിശോധനാ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണം. പരിശോധയില്‍ നെഗറ്റീവായാലും അടുത്ത ഏഴ് ദിവസങ്ങളില്‍ സ്വയം രോഗനിരീക്ഷണം നടത്തണം. പരിശോധനാഫലം പോസിറ്റീവായാല്‍ തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ ചികിത്സ ലഭ്യമാക്കും.
ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന യാത്രികരില്‍ അഞ്ച് ശതമാനം ആളുകളെ ആര്‍.ടി.പി.സി.ആര്‍ പരിശോധനക്ക് വിധേയമാക്കും. പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചാല്‍ വൈറസിന്‍റെ ജനിതക പരിശോധനയ്ക്കായി സാമ്പിള്‍ അയക്കും. തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ആശുപത്രികളില്‍ ഇവര്‍ക്ക് പ്രത്യേക ചികിത്സാ സൗകര്യം ഒരുക്കും. പരിശോധനാഫലം നെഗറ്റീവായവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണം. കരുതല്‍ വാസത്തിലും സ്വയം നിരീക്ഷണത്തിലുമിരിക്കുന്നവര്‍ രോഗലക്ഷണങ്ങള്‍, പരിശോധനയില്‍ രോഗസ്ഥിരീകരണം എന്നിവ ഉണ്ടായാല്‍ തൊട്ടടുത്തുള്ള ആരോഗ്യകേന്ദ്രത്തിലോ ദേശീയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1074, സംസ്ഥാന ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 1056 എന്നിവയില്‍ അറിയിക്കണം.