അമേരിക്കയിലെ വിസ്കോൺസിനിൽ ക്രിസ്മസ് റാലിയിലേക്ക് വാഹനം ഇടിച്ചു കയറി മൂന്നു പേർ മരിച്ചു. 12 കുട്ടികൾ അടക്കം 27 പേർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം മനപൂർവം ഇടിച്ചു കയറ്റിയെന്ന സംശയത്തെ തുടർന്ന് അന്വേഷണം തുടങ്ങി. ഇടിച്ചു കയറിയ വാഹനത്തിൽ ഉണ്ടായിരുന്ന ഒരാൾ പിടിയിലായി. കത്തോലിക്കാ സഭയുടെ ക്രിസ്മസ് ആഘോഷ പരിപാടിയിലാണ് ദുരന്തം ഉണ്ടായത്.
ഇന്നലെ രാത്രി എട്ടു മണിയോടെ ബാരിക്കേഡുകൾ തകർത്ത് കയറിയ വാഹനം ദീർഘ ദൂരം ആളുകളെ ഇടിച്ചു വീഴ്ത്തി പായുകയായിരുന്നു. അന്വേഷണം ആരംഭിച്ചുവെന്നും ഭീകരാക്രമണം ആണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും എഫ് ബി ഐ വൃത്തങ്ങൾ പറഞ്ഞു.അമിത വേഗത്തിലെത്തിയ ചുവന്ന നിറത്തിലുള്ള ആഡംബര കാറാണ് അപകടമുണ്ടാക്കിയത്. വാക്കേഷായിലായിരുന്നു പരേഡ് നടന്നുകൊണ്ടിരുന്നത്. നേരത്തെ ഇവിടെ നിന്ന് വെടിയൊച്ചകള്‍ കേട്ടിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
പരേഡില്‍ ഭാഗമായിരുന്ന നിരവധി മുതിര്‍ന്നയാളുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരേഡിലേക്ക് ചുവന്ന വാഹനം ഇടിച്ചുകയറുന്നതിന്‍റെ ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പരേഡ് നടക്കുന്നതിന്‍റെ പിന്നില്‍ നിന്നാണ് വാഹനം ഇടിച്ചുകയറിയത്. നിരവധിപ്പേര്‍ പരേഡ് കടന്നുപോകുന്നത് കാണാനായി റോഡിന്‍റെ ഇരുവശങ്ങളിലുമുണ്ടായിരുന്നു. 20ല്‍ അധികം പേരെ ഇടിച്ചാണ് വാഹനം മുന്നോട്ട് പോയത്. അപകടത്തില്‍ മരിച്ചയാളുകളുടെ ബന്ധുക്കളെ വിവരം അറിയിച്ചതായി പൊലീസ് വിശദമാക്കി. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരുന്നതായി വൈറ്റ്ഹൌസ് വ്യക്തമാക്കി.