ഓരോ വീടുകളിലും വ്യത്യസ്തമായ രീതിയിലാണ് പാചകം ചെയ്യുന്നത്. ചിലർ എളുപ്പത്തിൽ ചെയ്തുതീർക്കുന്നു. മറ്റുചിലർ ആസ്വദിച്ച് ചെയ്യുന്നു. ഏതൊക്കെ രീതിയിൽ ചെയ്താലും പാചകം ചെയ്യുമ്പോൾ സ്ഥിരമായി ആവർത്തിക്കുന്ന ചില തെറ്റുകൾ ഉണ്ട്. അത് പരിഹരിച്ചാൽ പാചകം ഒന്നുകൂടെ എളുപ്പത്തിലാകും. സ്റ്റീൽ പാത്രം ഉപയോഗിച്ച് പാചകം ചെയ്യുമ്പോൾ പലപ്പോഴും ഭക്ഷണങ്ങൾ പാത്രത്തിൽ പറ്റിപ്പിടിക്കാറുണ്ട്. ഇതിന് കാരണം തെറ്റായ രീതിയിൽ പാചകം ചെയ്യുന്നതുകൊണ്ടാണ്. സ്റ്റീൽ പാത്രം ഉപയോഗിച്ച് പാചകം ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം.
1. ശരിയായ രീതിയിൽ പാത്രം ചൂടാകാതെ ഇരുന്നാൽ ഭക്ഷണങ്ങൾ അതിൽ ഒട്ടിപ്പിടിച്ചിരിക്കും.
2. പാത്രത്തിന്റെ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂട് ലഭിച്ചില്ലെങ്കിൽ ഭക്ഷണങ്ങൾ ചിലത് വെന്തും മറ്റുചിലത് വേവാതെയും വരുന്നു.
3. നോൺ സ്റ്റിക് പ്രതലം അല്ലാത്തതിനാൽ സ്റ്റീൽ പാത്രത്തിൽ പാചകം ചെയ്യുന്നതിന് മുമ്പ് എണ്ണ പുരട്ടുന്നത് ഭക്ഷണങ്ങൾ പറ്റിപ്പിടിക്കുന്നതിനെ തടയുന്നു. അതേസമയം അമിതമായി എണ്ണ ഒഴിക്കരുത്. ആവശ്യത്തിന് മാത്രം എണ്ണ ഉപയോഗിക്കാം.
4. എണ്ണ ഒഴിക്കുന്നതിന് മുമ്പ് പാത്രം ചൂടാക്കണം. ചെറിയ രീതിയിൽ ചൂടായതിന് ശേഷം മാത്രമേ എണ്ണ ഒഴിക്കാൻ പാടുള്ളു.
5. പാചകം ചെയ്യുമ്പോൾ ഫ്ലെയിം എപ്പോഴും കുറച്ചുവയ്ക്കാൻ ശ്രദ്ധിക്കണം. സ്റ്റീൽ പാത്രത്തിൽ എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചൂട് ലഭിക്കാറില്ല. അതിനാൽ തന്നെ തീ കൂട്ടിവയ്ക്കുമ്പോൾ ഭക്ഷണം കരിഞ്ഞ് പോകാൻ സാധ്യതയുണ്ട്.
6. പാചകം ഓരോ ഘട്ടമായി ചെയ്യുന്നതാണ് എപ്പോഴും നല്ലത്. ചേരുവകൾ ചേർക്കുമ്പോഴും ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാത്തരം ചേരുവകളും ഒരുമിച്ചിടാതെ ഓരോന്നായി ഇട്ടുകൊടുക്കാം. ഒരുമിച്ചിടുമ്പോൾ ചൂട് കുറയുകയും കൂടുതൽ ഈർപ്പമുണ്ടാകാൻ കാരണമാവുകയും ചെയ്യുന്നു.
7. പാചകം ചെയ്ത് കഴിഞ്ഞാൽ ഉടനെ പാത്രം വൃത്തിയാക്കാനും മറന്നുപോകരുത്. കാരണം സ്റ്റീൽ പാത്രത്തിൽ ഭക്ഷണങ്ങൾ പറ്റിയിരുന്നാൽ പിന്നീട് അത് കഴുകി വൃത്തിയാക്കാൻ ബുദ്ധിമുട്ടാകും.